മാഡ്രിഡ്: സ്പാനിഷ് ലീഗിലെ അവസാന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി ബാഴ്സയും റയല്‍ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും സീസണ് അവസാനിപ്പിച്ചു. ലീഗിലെ അവസാന റൗണ്ട് മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ബാഴ്സലോണ ലീഗ് സീസണില്‍ 100 പോയിന്റെന്ന റയലിന്റെ മുന്‍ റെക്കോര്‍ഡിനൊപ്പമെത്തി.
കഴിഞ്ഞ സീസണിലായിരുന്നു റയല്‍ മാഡ്രിഡ് ലീഗില്‍ 100 പോയിന്റ് സ്വന്തമാക്കിയിരുന്നത്. നേരത്തെ ലാ ലീഗ കിരീടം സ്വന്തമാക്കിയിരുന്നെങ്കിലും സീസണിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മലാഗയെ കീഴടക്കിയാണ് ബാഴ്സ സീസണ് അവസാനിപ്പിച്ചത്. ഈ മത്സരത്തോടെ ആറ് വര്‍ഷത്തെ ബാഴ്സ വാസത്തിനുശേഷം എറിക് അബിദാല്‍ ടീമിനോട് വിടവാങ്ങുന്നതിനും നൗ ക്യാമ്പ് വേദിയായി. അവസാന മത്സരത്തില്‍ പകരക്കാരനായാണ് അബിദാല്‍ കളത്തിലിറങ്ങിയത്. മയ്യോര്‍ക്ക, ഡിപോര്‍ട്ടീവോ ല കൊരുണ, റയല്‍ സരഗോസ എന്നീ ടീമുകള്‍ ലാലിഗയില്‍ നിന്ന് തരം താഴ്ത്തപ്പെടുകയും ചെയ്തു.
മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒസാസുനയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ സരഗോസയെ കീഴടക്കി.
മലാഗക്കെതിരായ പോരാട്ടത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ബാഴ്സ മുന്നിലെത്തി. സൂപ്പര്‍താരം മെസ്സിയുടെ അഭാവത്തില്‍ ഇറങ്ങിയ ബാഴ്സക്ക് വേണ്ടി ഡേവിഡ് വിയ്യയാണ് ആദ്യ ഗോള്‍ നേടിയത്. ഇനിയേസ്റ്റയും പെഡ്രോയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് വിയ്യ ലക്ഷ്യം കണ്ടത്. 14-ാം മിനിറ്റില്‍ ഫാബ്രഗസ് ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. ഇനിയേസ്റ്റയുമായി സെസ് ഫാബ്രഗസ് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ബാഴ്സ ലീഡ് ഉയര്‍ത്തിയത്. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മാര്ട്ടിന് മൊണ്ടോയയും ലക്ഷ്യം കണ്ടു. പിന്നീട് 52-ാം മിനിറ്റില്‍ ഇനിയേസ്റ്റ ബാഴ്സയുടെ നാലാം ഗോള്‍ നേടി. സാവിയുടെ പാസ് സ്വീകരിച്ച് 25 വാര അകലെനിന്ന് ഇനിയേസ്റ്റ ഉതിര്‍ത്ത ഷോട്ടാണ് മലാഗ വലയില്‍ കയറിയത്. അഞ്ച് മിനിറ്റിനുശേഷം മൊറെയ്ല്‍സാണ് മലാഗയുടെ ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഒസാസിനെയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് സ്ഥാനമൊഴിയുന്ന കോച്ച് ഹോസെ മൗറീഞ്ഞോയ്ക്ക് വിജയത്തോടെ യാത്രയപ്പ് നല്കി. റയല്‍ മാഡ്രിഡിന് വേണ്ടി 35-ാം മിനിറ്റില്‍ ഗൊണ്‍സാലൊ ഹിഗ്വയിന്, 38-ാം മിനിറ്റില്‍ മൈക്കല്‍ എസ്സിയാന്‍, 69-ാം മിനിറ്റില്‍ കരീം ബെന്‍സേമ, 87-ാം മിനിറ്റില്‍ കല്ലോജന് തുടങ്ങിയവര്‍ ഗോളുകള്‍ നേടി. ഒസാസുനയുടെ ഗോളുകള്‍ നേടിയത് 52-ാം മിനിറ്റില്‍ റോബര്‍ട്ടോ ടോറസും 63-ാം മിനിറ്റില്‍ സെജുഡോയുമാണ്.
മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ സരഗോസയെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ട് മിനിറ്റിനിടെ ഡീഗോ കോസ്റ്റ നേടിയ രണ്ട് ഗോളുകളാണ് അത്ലറ്റികോക്ക് വിജയം സമ്മാനിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 84-ാം മിനിറ്റില്‍ ടുറാനിലൂടെ അത്ലറ്റികോയാണ് മുന്നിലെത്തിയത്. അഞ്ച് മിനിറ്റിനുശേഷം പോസ്റ്റിഗയിലുടെ സരഗോസ സമനിലപിടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച അവസരത്തിലാണ് ഇഞ്ച്വറി സമയത്ത് രണ്ട് മിനിറ്റിനിടെ രണ്ട് തവണ സരഗോസ വല ചലിപ്പിച്ച് ഡീഗോ കോസ്റ്റ അത്ലറ്റികോ മാഡ്രിഡിന് വിജയം സമ്മാനിച്ചത്. പരാജയത്തോടെ സരഗോസ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ സെവിയ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വലന്‍സിയയെ കീഴടക്കി. സെവിയയുടെ നാല് ഗോളുകളും നേടിയ നെഗ്രഡോയായിരുന്നു. മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് ഡി പോര്‍ട്ടീവോ ലാ കൊരൂണയെ പരാജയപ്പെടുത്തി ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഈ പരാജയത്തോടെ ഡീപോര്‍ട്ടീവോ ലാ ലീഗയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടു.
അവസാന മത്സരത്തില്‍ മയോര്‍ക്ക വല്ലഡോളിഡിനെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയെങ്കിലും ലാ ലീഗയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: