ബര്‍ലിന്‍: ജര്‍മ്മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് സീസണിലെ മൂന്നാം കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. ബുണ്ടസ് ലീഗിനും ചാമ്പ്യന്‍സ് ലീഗിനുമൊപ്പം ജര്‍മ്മന്‍ കപ്പുകൂടി സ്വന്തമാക്കിയാണ് ബയേണ്‍ ചരിത്രനേട്ടം കുറിച്ചത്. ഇതോടെ യൂറോപ്പില്‍ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കുന്ന ഏഴാമത് ടീമായി ബയേണ്‍ മാറി.
ജര്‍മ്മന്‍ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ സ്റ്റുട്ട്ഗര്‍ട്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തങ്ങളുടെ പതിനാറാം കിരീടവും ആദ്യ ട്രിപ്പിള്‍ നേട്ടവും സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളും തോമസ് മുള്ളര്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളുമാണ് ബയേണിന് വിജയം സമ്മാനിച്ചത്. അവസാന മിനിറ്റുകളില്‍ ശക്തമായി തിരിച്ചടിച്ച സ്റ്റുട്ട്ഗര്‍ട്ട് ഒമ്പത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ മാര്ട്ടിന് ഹാര്നിക്കിലൂടെ മടക്കി ബയേണിനെ വിറപ്പിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ മാത്രം അവര്‍ക്കു കഴിഞ്ഞില്ല.
അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ 37-ാം മിനിറ്റില്‍ മുള്ളറിലൂടെയാണ് ബയേണ്‍ അക്കൗണ്ട് തുറന്നത്. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മുള്ളര്‍ വലയിലെത്തിക്കുകയായിരുന്നു. പെനാല്‍റ്റിയിലൂടെ ബയേണാണ് ആദ്യം അക്കൗണ്ട് തുറന്നത്. പിന്നീട് മത്സരത്തിന്റെ 48-ാം മിനിറ്റില്‍ ഫിലിപ്പ് ലാം ഒരുക്കിയ അവസരം മുതലെടുത്ത് മരിയോ ഗോമസ് ബയേണിന്റെ ലീഡ് ഉയര്‍ത്തി. 13 മിനിറ്റുകള്‍ക്കുശേഷം തോമസ് മുള്ളര്‍ നല്കിയ പാസില്‍ നിന്ന് ഗോമസ് തന്റെ രണ്ടാമത്തെയും ബയേണിന്റെ മൂന്നാമത്തെയും ഗോളുകള്‍ നേടി.
മൂന്ന് ഗോളുകള്‍ക്ക് പിന്നിലായ സ്റ്റുട്ട്ഗര്‍ട്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. 71, 80 മിനിറ്റുകളില്‍ മാര്ട്ടിന് ഹാര്നികിലൂടെ സ്റ്റുട്ട്ഗര്‍ട്ട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും ബവേറിയന്മാരുടെ കയ്യില്‍ നിന്ന് വിജയം തട്ടിയെടുക്കാന്‍ സ്റ്റുട്ട്ഗര്‍ട്ടിന് കഴിഞ്ഞില്ല.
ആറ് റൗണ്ട് ശേഷിക്കെ തന്നെ ബുണ്ടേസ് ലീഗ് കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് കഴിഞ്ഞയാഴ്ചയാണ് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. ഓള് ജര്‍മ്മന്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടം. ബയേണിന് വേണ്ടി പരിശീലകന് ജൂപ്പ് ഹീനക്സിന്റെ അവസാന മത്സരം കൂടിയായിരുന്നു ജര്‍മ്മന്‍ കപ്പിന്റെ ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: