പുനലൂര്‍: പച്ചക്കറിയുടെയും അരി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടേയും വില കുതിച്ചുയരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമായിട്ടുള്ളത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഉണ്ടായ രൂക്ഷമായ വരള്‍ച്ചയാണ് പച്ചക്കറികൃഷിയുടെ നാശത്തിന് കാരണമായത്. ഉള്ളിപ്പാടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചതോടെ നിലവാരം കുറഞ്ഞ ചുമന്നുള്ളിയാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. ഒരാഴ്ച്ച മുമ്പ് 35 രൂപയായിരുന്ന ചുമന്നുള്ളിയ്ക്ക് ഇപ്പോള്‍ 80 മുതല്‍ 90 രൂപവരെയാണ് വില. 20 രൂപ മാത്രമുണ്ടായിരുന്ന തക്കാളി 65 രൂപയായിക്കഴിഞ്ഞു.
ക്യാരറ്റ്, പച്ചമുളക്, ബീന്‍സ്, കാബേജ്, ബീറ്റ് റൂട്ട്, നേന്ത്രക്കായ എന്നുവയ്ക്കും വിലകൂടി. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് ഉള്ളിപ്പാടങ്ങള്‍ കരിഞ്ഞുണങ്ങി. കേരളത്തില്‍ കുളങ്ങളും, കിണറുകളും ആശ്രയങ്ങളാകുമ്പോള് തമിഴ്നാട്ടില്‍ വെള്ളത്തിന് ആശ്രയിക്കുന്നത് കുഴല്‍ കിണറുകളെയാണ്. വരള്‍ച്ചയില്‍ കുഴല്‍കിണറുകളില്‍ നിന്നും വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ പച്ചക്കറികൃഷി തോട്ടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. തമിഴ്നാട്ടിലെ നെല്പാടങ്ങളിലും ജലക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലത്ത് ഇക്കുറി രൂക്ഷമായ പച്ചക്കറി ക്ഷാമവും, അരിയുടെ വരവ് നില്ക്കുന്ന അവസ്ഥയുമാണ് ഉള്ളത്. ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്നുവന്നുകൊണ്ടിരുന്ന പച്ചക്കറി ലോഡുകളുടെ എണ്ണവും പകുതിയില്‍ താഴെയായി. പച്ചക്കറി ക്ഷാമവും വിലക്കയറ്റവും നഗരവാസികളെയാണ് ഏറെ ബാധിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ സവാളയ്ക്കും വിലയേറിയിട്ടുണ്ട്. പച്ചക്കറിയ്ക്കൊപ്പം പലവ്യഞ്ജനസാധനങ്ങള്ക്കും വില കൂടി. ഉള്ളികൃഷിയുടെ പ്രധാനകേന്ദ്രങ്ങളായ കടയനല്ലൂര്‍, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളില്‍ ഒരിക്കലും കടുത്തവരള്‍ച്ച ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കുറി ഇവിടെയും വരള്‍ച്ച കാര്യമായി ബാധിച്ചതായി ഉള്ളികൃഷി നടത്തുന്ന സെല്‍വം ജന്മഭൂമിയോട് പറഞ്ഞു.
വിളവെടുപ്പുകാലത്ത് ഇനി മഴപെയ്താല്‍ ഉള്ളി അഴുകും എന്നു കര്‍ഷകര്‍ പറയുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ ലേലത്തിന് തമിഴ്മാര്ക്കറ്റില് ഉള്ളി എത്താറുണ്ടായിരുന്നു എന്നാല്‍ ഇക്കുറി വളരെ കുറച്ച് ഉള്ളിയാണ് മാര്‍ക്കറ്റില്‍ എത്തിയിട്ടുള്ളത്. ചെറിയമഴമുലം വെള്ളരിക്കാ, മത്തങ്ങ, തക്കാളി എന്നിവ നശിക്കാനും കാരണമായതായി കര്‍ഷകര്‍ പറയുന്നു. വരള്‍ച്ചയെ അതിജീവിച്ച് തമിഴ്നാട്ടില്‍ നിന്നും വ്യാപകമായി ഇപ്പോഴും എത്തുന്നത് വെണ്ടയ്ക്കാ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: