ബെര്മിംഘാം: ചാമ്പ്യന്‍സ് ലീഗിന് മുന്നോടിയായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് അടിച്ചുകൂട്ടിയത്. 84 റണ്‍സ് നേടിയ ദില്ഷന്, 82 റണ്‍സ് നേടിയ കുശല്‍ പെരേര, 46 റണ്‍സ് നേടിയ ചണ്ഡിമല്‍, 45 റണ്‍സ് നേടിയ കുമാര്‍ സംഗക്കാര എന്നിവരുടെ മികച്ച ബാറ്റിംഗാണ് ലങ്കക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഏഴ് ബൗളര്‍മാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഇര്ഫാന് പഠാന്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, വിനയ്കുമാര്‍, അശ്വിന്, ജഡേജ, അമിത് മിശ്ര എന്നിവരാണ് ഇന്ത്യക്ക് ബൗളിംഗ് നിരയില്‍ അണിനിരന്നത്.
334 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സോടെ കോഹ്ലിയും 16 റണ്‍സോടെ റെയ്നയുമാണ് ക്രീസില്‍. ശിഖര്‍ ധവാന് (1), മുരളി വിജയ് (18), രോഹിത് ശര്‍മ്മ (5) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്.
ടോസ് നേടിയ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ലങ്കന്‍ ഓപ്പണര്‍മാര്‍ അരങ്ങുതകര്‍ക്കുന്നതാണ് മൈതാനത്ത് കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ലങ്കന്‍ ഓപ്പണര്മാരണായ കുശല്‍ പെരേരയും ദില്‍ഷനും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിന് നല്‍കിയത്. 26 ഓവറില്‍ സ്കോര്‍ 160-ല്‍ എത്തിയപ്പോള്‍ കുശല്‍ പെരേര റിട്ടയേര്‍ഡ് ഔട്ടായി. 94 പന്തുകള്‍ നേരിട്ട പെരേര 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 82 റണ്‍സെടുത്തു. പിന്നീട് 32 ഓവറില്‍ സ്കോര്‍ 195-ല്‍ എത്തിയപ്പോള്‍ ദില്‍ഷനും അതേപോലെ മടങ്ങി. 78 പന്തുകളില്‍ നിന്ന് 9 ബൗണ്ടറിയും ഒരു സിക്സറുമടക്കം 84 റണ്‍സാണ് ദില്ഷന് നേടിയത്. തുടര്‍ന്നെത്തിയ ജയവര്‍ദ്ധനെയും (30), കുമാര്‍ സംഗക്കാരയും (32 പന്തില്‍ 45), ചണ്ഡിമലും (48 പന്തില്‍ 46), തീസര പെരേരയും (16 പന്തില്‍ 26 നോട്ടൗട്ട്) അരങ്ങുതകര്‍ത്തതോടെ ലങ്ക കൂറ്റന്‍ സ്കോറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: