തിരുവനന്തപുരം: കേരളത്തില്‍ പനി ദുരന്തം. മഴകൂടി എത്തിയതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ പനി ഭീതിദമായ രീതിയില്‍ പടര്‍ന്നു പിടിക്കുന്നു. ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. രോഗം ബാധിച്ച് ഈ വര്‍ഷം ഏഴ് പേര് മരിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പനിബാധിതര്‍ കൂടുതലും.
നഗരപ്രദേശത്ത് മാലിന്യ നീക്കം നിലച്ചതും ശുദ്ധജലം ലഭ്യമല്ലാതായതുമാണ് പനി വര്‍ദ്ധിക്കാന്‍ കാരണം. കൊതുകു നിര്‍മ്മാര്‍ജ്ജനത്തിനും മാലിന്യ നീക്കത്തിനും അധികൃതര്‍ സ്വീകരിച്ച നടപടികള്‍ ഫലവത്തായില്ല. ഡെങ്കിപ്പനിയോടൊപ്പം എലിപ്പനി, മഞ്ഞപ്പിത്തം, എച്ച്1 എന്‍1 എന്നിവയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകളിലും ഡെങ്കിപ്പനി പടരുന്നുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുകളും ഇല്ലാത്തതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘടന പ്രഖ്യാപിച്ചിട്ടുള്ള നിസ്സഹകരണ സമരംകൂടി തുടങ്ങിയാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.
ചരിത്രത്തില്‍ ഇല്ലാത്തവിധമുള്ള വര്‍ധനയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കി ബാധിതര്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എറണാകുളം എന്നിങ്ങനെ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളെല്ലാം തന്നെ പനി ഭീതിയിലാണ്.
സംസ്ഥാനത്ത് പനി ബാധിക്കുന്ന ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ പരിശീലനം നല്‍കാനും ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്.
അപകടകരമായ ഡെങ്കി ഹെമിറേജ് ഫീവറും ഡെങ്കി ഷോക് സിന്‍ഡ്രോമും സംസ്ഥാനത്ത് വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡെങ്കി വൈറസ് വകഭേദം മാരകരൂപത്തിലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
ഒന്നില്‍ കൂടുതല്‍ തവണ ഡെങ്കിപ്പനി ബാധിച്ചവരുടെ ശരീരത്തില്‍ നിലവിലുള്ള ഡെങ്കി വൈറസിനൊപ്പം ഡെങ്കി വൈറസിന്റെ സീറോ ടൈപ്പു കൂടി എത്തുമ്പോഴാണ് അത്യന്തം അപകടകരമായ ആന്തരികരക്തസ്രാവവും അതുവഴി മരണവും സംഭവിക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ ചികിത്സാരേഖകള്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഏഴുപേരെക്കൂടാതെ മരിച്ച നാല്പത് പേരുടെ മരണകാരണവും ഡെങ്കിയാണെന്ന് തന്നെയാണ് സംശയിക്കുന്നത്. കേരളത്തില്‍ ഡെങ്കി ഹെമറേജ് പടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സാംക്രമിക രോഗ നിയന്ത്രണ യൂണിറ്റ് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2006 മുതല്‍ 2008 വരെ നടത്തിയ പഠനങ്ങളുടേയും കൊതുക് സാന്ദ്രതയയുടേയും അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ അത് മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
സംസ്ഥാനത്ത് എച്ച്1 എന്‍1 രോഗവും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എച്ച്1 എന്‍1 ബാധിച്ച് ഇന്നലെ കൊല്ലത്ത് ഒരാള്‍ മരിച്ചു. കൊല്ലത്ത് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മാറനാട് കൊച്ചുപ്ലാവിള പുത്തന്‍വീട്ടില്‍ ഷിബുവിന്റെ ഭാര്യ സിമിമോള്‍ (27) ആണ് മരിച്ചത്. ഇന്നലെ പത്തുപേര്ക്കൂകൂടി എച്ച്1 എന്‍1 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മൂന്നും തിരുവനന്തപുരത്ത് രണ്ടും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരാള്‍ക്കുവീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിക്കൊപ്പം എച്ച്1 എന്‍1 കൂടി പടര്‍ന്നു പിടിച്ചാല്‍ കേരളം വേഗത്തില്‍ രോഗബാധിതരെക്കൊണ്ട് നിറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മഴക്കാല പൂര്‍വ്വ ശുചീകരണം ശരിയായ രീതിയില്‍ നടക്കാത്തതും ശുദ്ധജലക്ഷാമവുമാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: