കൊല്ലം: കോര്പ്പറേഷന് ആസ്ഥാനത്തു നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയുള്ള കൊല്ലം ബീച്ചിനു കോര്‍പ്പറേഷന്റെ അവഗണന. മാലിന്യങ്ങള്‍ നിറഞ്ഞു, ഇരിപ്പിടങ്ങള്‍ നശിച്ചു,നോക്കാനും കാണാനും ആരുമില്ലാതെ ബീച്ചിന്റെ പ്രതാപം ഇല്ലാതാക്കുന്നതിനു പിന്നില്‍ കോര്പ്പറേഷന് അധികൃതരുടെ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന ആക്ഷേപം ശക്തം. ബീച്ചിനോടു ചേര്‍ന്നു സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കിയിട്ടുള്ള പാര്‍ക്കില്‍ മാത്രം സന്ദര്‍ശകര്‍ എത്തണമെന്ന ഗൂഡലക്ഷ്യമാണത്രെ ഈ അശ്രദ്ധയ്ക്കു കാരണം.
മഹാത്മാഗാന്ധിജിയുടെ പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ പ്രവേശിക്കുവാന്‍ ഫീസ് അഞ്ചു രൂപ.പാര്‍ക്കില്‍ പ്രവേശിച്ചാല്‍ അവിടെയുള്ള ഓരോ സോണിനും പ്രത്യേകം ഫീസ്.പാര്‍ക്കില്‍ സന്ദര്‍ശനത്തിനു എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും ഫീസ്. ദിനംപ്രതി ആയിരങ്ങള്‍ ഈയിനത്തില്‍ കരാറുകാരന് സമ്പാദിക്കുമ്പോള്‍ കടല്‍ത്തീരം സന്ദര്‍ശകര്‍ക്കു തീര്‍ത്തും അന്യമാക്കുക തന്നെയാണു കോര്‍പ്പറേഷന്റെ രഹസ്യ അജണ്ടയെന്നാണു പ്രധാന ആക്ഷേപം.ദിനംപ്രതി പല രീതിയില്‍ ഇവിടെ അടിയുന്ന ജൈവമാലിന്യങ്ങള്‍ അടക്കമുള്ളവ അന്നന്നു നീക്കുന്ന പതിവുണ്ടായിരുന്നു.ഇപ്പോള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം പോലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല.മാലിന്യനിക്ഷേപത്തിനു വേണ്ടി ബീച്ചില്‍ സ്ഥാപിച്ചിട്ടള്ള വേസ്റ്റ് പിന്നുകള്‍ നിറഞ്ഞു കവിഞ്ഞു അതിനു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. മാലിന്യങ്ങളില്‍ രാവും പകലുമെന്നില്ലാതെ വിഹരിക്കുന്ന നായകള്‍ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്കു ഭീതി പരത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബീച്ചും പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടും ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാന്‍ കോര്‍പ്പറേഷനോ ജില്ലാ ഭരണകൂടമോ തയ്യാറാകാത്തതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.
പ്രഭാത സായാഹ്ന സവാരികള്‍ക്കും ഉല്ലാസത്തിനുമായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിനാളുകളാണു കൊല്ലം ബീച്ചില്‍ എത്തികൊണ്ടിരുന്നത്.ബീച്ചിനോടനുബന്ധിച്ചുളള നവീകരിച്ച പാര്‍ക്കിലും സന്ദര്‍ശകരേറെയാണ്.ബീച്ചിലും പരിസരത്തും അലഞ്ഞുതിരിയുന്ന നായ്ക്കള്‍ സന്ദര്‍ശകരെ ആക്രമിക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതോടെ ബീച്ചില്‍ സമയം ചെലവഴിക്കാന്‍ എത്തുന്നവര്‍ ഇവയെ ഭയന്നു ഉടന്‍ സ്ഥലം വിടുന്നു.
മദ്ധ്യവേനലവധി അവസാനിക്കാറായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കുട്ടികളുമായി ബീച്ചു സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്കു വര്ദ്ധിച്ചിരിക്കുന്നതിനിടെയാണു നായ്ക്കള്‍ സന്ദര്‍ശകര്‍ക്കു ഭീഷണിയാകുന്നത്. ബീച്ചിലും പരിസരത്തുമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണു തെരുവ്നായ്ക്കള്‍ ഇവിടെ തമ്പടിക്കാന്‍ ഇടയാകുന്നത്.ബീച്ചില്‍ നിന്നു ഇരവിപുരത്തേക്കുളള റോഡിന്റെ വശങ്ങളിലും പളളിത്തോട്ടം റോഡിലും രാത്രികാലങ്ങളില്‍ കോഴിക്കടകളില്‍നിന്നും മറ്റും കൊണ്ടുവരുന്ന മാലിന്യം തള്ളാറുണ്ട്. ഇതും കടല്തിരയില് കരയ്ക്കടിയുന്ന ചത്ത മത്സ്യങ്ങളും മാലിന്യങ്ങളും ആഹാരമാക്കുന്ന നായ്ക്കള്‍ ബീച്ചിലാണു സ്വൈരവിഹാരം നടത്തുന്നത്.ബീച്ചില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ഏഴു കുട ഇരിപ്പിടങ്ങള്‍ തകര്‍ന്നു ഇല്ലാതായിട്ടും കോര്‍പ്പറേഷനു കുലുക്കമില്ല.
പ്രധാന റോഡില്‍ നിന്നും ബീച്ചിലേയ്ക്കുള്ള റോഡ് തകര്‍ന്നു കിടക്കുന്നതും കോര്പ്പറേഷന് അധികൃതരുടെ ശ്രദ്ധയില്‍ ഇതുവരെ പതിഞ്ഞിട്ടില്ല.ബീച്ചിനോടു ചേര്‍ന്നുള്ള ഓടയില്‍ മലിനജലം ഒഴുകി പോകാതെ കെട്ടികിടന്നു കൂത്താടി വളര്‍ത്തു കേന്ദ്രങ്ങളായി. ഓടയില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധവും അസഹനീയം. ഇതൊക്കയാണു സ്ഥിതിയെങ്കിലും പാര്‍ക്കു കരാര്കാരനെ സഹായിക്കുക എന്ന രഹസ്യനീക്കവുമായി സൂര്യോദയവും അസ്തമയവും ഒരു പോലെ ആസ്വദിക്കുവാന്‍ കഴിയുന്ന ജില്ലയിലെ ഏക തീരമായ കൊല്ലം ബീച്ചിനെ അവഗണിക്കുന്ന അധികൃതനിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിനു തയ്യാറെടുക്കുകയാണു പൊതുജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: