ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വാതുവയ്പ്പുകാര്‍ നല്കിയ 5.5ലക്ഷം രൂപ ദല്‍ഹി പോലീസ് കണ്ടെത്തി. ശ്രീശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഭിഷേക് ശുക്ല വഴിയാണ് പണം കണ്ടെത്തിയത്.
ബുധനാഴ്ചയാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ലഭിച്ച 10 ലക്ഷം രൂപയും ഇതോടെ കണ്ടെത്താനായതായി ദല്‍ഹി പോലീസ് വ്യക്തമാക്കി. മുംബയിലെ അന്ധേരിയിലെ ഫ്ലാറ്റില്‍ നിന്നാണ് 5.5 ലക്ഷം രൂപ കണ്ടെത്തിയത്.
നേരത്തെ മുംബൈ പോലീസ് 75,000 രൂപയും ദല്‍ഹി പോലീസ് 3.75 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതിനു ശേഷം ഹോട്ടല്‍ മുറിയില്‍ നിന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ അഭിഷേക് ശ്രമിച്ചതായി ദല്‍ഹി പോലീസ് അറിയിച്ചു.
മേയ് 16നാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. മേയ് 17ന് ശ്രീശാന്ത് താമസിച്ച ഹോട്ടല്‍ മുറിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലാപ്ടോപ്, ഐപാഡ്, മൊബൈല്‍ ഫോണുകള്‍, 720000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. ജാമ്യം പരിഗണിക്കുന്നത് മാറ്റിവെച്ചതിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശ്രീശാന്തിനെ തിഹാര്‍ ജയിലിലെ ഒന്നാം നമ്പര്‍ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മുന്‍ ഹരിയാന മന്ത്രി ഗോപാല്‍ കുന്ദ അടക്കമുള്ളവരാണ് ശ്രീശാന്തിന്റെ സഹതടവുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: