മട്ടാഞ്ചേരി: കൊച്ചിന് പോര്‍ട്ടിന്റെ നിലവിലെ സ്ഥിതിയില്‍ തൊഴിലാളിസമൂഹം ഭയാശങ്കയിലാണെന്ന് കൊച്ചിന് പോര്‍ട്ട് സ്റ്റാഫ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടിയുള്ള ഡ്രഡ്ജിംഗ് ചെലവ് തുറമുഖത്തെ നഷ്ടത്തിന്റെ കയത്തിലേക്കാണ് തള്ളിവിടുന്നത്. ഇതൊഴിവാക്കിയാല്‍ തുറമുഖം ലാഭത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടം ടെര്‍മിനലിനോട് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞതിനെക്കുറിച്ച് തുറമുഖ ട്രസ്റ്റ് അധികൃതര്‍ അന്വേഷണം നടത്തണം. 3,65,000 കണ്ടെയ്നറുകള്‍ രാജീവ്ഗാന്ധി ടെര്‍മിനലില്‍ കൈകാര്യം ചെയ്തിരുന്നു. വല്ലാര്‍പാടത്ത് ഇത് 3,40,000 ആയി കുറഞ്ഞു.
ബോള്‍ഗാട്ടി ഭൂമിവിവാദം കൊച്ചി തുറമുഖ ട്രസ്റ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും. അനാവശ്യമായ വിവാദമാണ് എം.എം. ലോറന്‍സ് അടക്കമുള്ളവര്‍ സൃഷ്ടിച്ചത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറേകണ്ടിയിരുന്നു. പാര്‍ട്ടികളിലെ പ്രശ്നങ്ങളാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. യൂസഫലിക്ക് കരാറില്‍നിന്ന് പിന്മാറാന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ നടപ്പാക്കിയില്ലെങ്കില്‍ യൂസഫലി നഷ്ടപരിഹാരം നല്കേണ്ടിവരികയും ചെയ്യും, ഹനീഫ വ്യക്തമാക്കി.
30, 31 തീയതികളില്‍ നടക്കുന്ന സിപിഎസ്എ വാര്‍ഷികസമ്മേളനം 30 ന് രാവിലെ 10 ന് കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിക്കും. 31 ന് വൈകിട്ട് മൂന്നിന് കേന്ദ്രമന്ത്രി വയലാര്‍ രവി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. മന്ത്രി ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: