മുംബൈ: വാതുവെയ്പ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ ബിസിസിഐ വിലക്കി. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് ടീം തിരിക്കുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധോണിയെ വിലക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ ധോണിയോട് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു ധോണിയുടെ മറുപടി.
ഐപിഎല്‍ ആറാം സീസണിലെ വാതുവെയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണം ടീം ഉടമകളിലേക്കും, ബിസിസിഐയുടെ തലപ്പത്തേക്കും എത്തിനില്‍ക്കുമ്പോഴാണ്, വിവാദങ്ങളോട് പ്രതികരിക്കാതെ ഇന്ത്യന്‍ നായകന്റെ വാര്‍ത്താ സമ്മേളനം.
ബിസിസിഐ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് ധോണി പ്രതീക്ഷ പങ്കുവെച്ചു. എന്നാല്‍ വാതുവെപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിക്കുക മാത്രമാണ് ധോണി ചെയ്തത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഒത്തുകളിച്ചതായ വാര്‍ത്ത വന്നതിനും, ധോണിയുടെ പേര് വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിനും ശേഷം ആദ്യമായാണ് ധോണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.
ഇതിനിടെ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന് രാജിവെക്കണമെന്ന് കേന്ദ്രമന്ത്രിയും ബിസിസിഐ അച്ചടക്ക സമിതി അംഗവുമായ ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. ബിസിസിഐ അംഗങ്ങളുടെ ഭഗത്തു നിന്ന് തന്നെ രാജി ആവശ്യം ഉയര്‍ന്നതോടെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് വിലക്കുകള്‍ അടക്കമുള്ള കടുത്ത നടപടികളുമായി ബിസിസിഐ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: