ആലപ്പുഴ: എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും അവഹേളിക്കുന്ന സാഹചര്യത്തില്‍ സമുദായങ്ങളുടെ പിന്തുണയോടെ ജയിച്ച കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ രാജിവച്ച് മാന്യത കാട്ടണമെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. ആലപ്പുഴ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കെപിസിസി പ്രസിഡന്റ് അടക്കമുള്ള ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരും ജയിച്ചത് എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണയോടെയാണ്. ധാര്‍മികത അല്പമെങ്കിലും ഉണ്ടെങ്കില്‍ രാജിവച്ച് വേണം സമുദായങ്ങളെ വിമര്‍ശിക്കാനെന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കളെ അധിക്ഷേപിക്കുന്ന ആലപ്പുഴ ഡിസിസി ഇത്തരത്തില്‍ ഒരു പ്രമേയം കൂടി പാസാക്കാന്‍ തയാറാകണം. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സമുദായങ്ങളെ കറവ പശുക്കളായി കാണുകയും പിന്നീട് കറിവേപ്പിലയായി തള്ളുകയുമാണ് കോണ്‍ഗ്രസ് സമീപനം. നിലപാടുകളിലും പിന്തുണയിലും യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്നവര്‍ ഒക്കെ ഇപ്പോള്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഫോണ്‍ ചോര്‍ത്തി പോലീസിനെ ഉപയോഗിച്ചും തെരുവില്‍ കോലം കത്തിച്ചും നാടുകടത്തിയും അണികളെ ഉപയോഗിച്ചും സമുദായ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്.
ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭരണകാലത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളും മറ്റ് സമുദായങ്ങളും നേടിയിട്ടുള്ള ആനുകൂല്യങ്ങള്‍, ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍, മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കാന്‍ തയാറാകണം. വിശപ്പിലും വികസനത്തിലും മതം കാണുന്ന സര്‍ക്കാരിണിത്.
ഡോ.ബി.അശോകിനെ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം. മൂന്ന് വിജിലന്‍സ് കേസുകള്‍ നേരിടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ തല്‍സ്ഥാനത്ത് തുടരുമ്പോഴാണ് അശോകിനെ മാറ്റാന്‍ നീക്കം. താക്കോല്‍സ്ഥാനങ്ങളില്‍ നിന്ന് ഹിന്ദുക്കളെ ഒഴിവാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന് എന്നിവരും കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.
നേരത്തെ ഇവര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: