കണ്ണൂര്‍: തന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കണ്ണൂരില്‍ ഡിസിസി ഓഫീസിന് തറക്കല്ലിട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താങ്കളുടെ മന്ത്രിസഭാ പ്രവേശനത്തിന് എന്താണ് തടസ്സമെന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയുണ്ടോ എന്ന ചോദ്യത്തിനും ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്ന മറുപടിയായിരുന്നു ചെന്നിത്തലയുടേത്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. നേരത്തെ തനിക്ക് സംഭവിച്ചത് ഇപ്പോള്‍ ചെന്നിത്തലക്ക് സംഭവിച്ചുവെന്ന കെ.മുരളീധരന്റെ പ്രസ്താവനയെക്കുറിച്ചും ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് താക്കീത് നല്കിയ പശ്ചാത്തലത്തിലാണ് വിവാദ വിഷയങ്ങളില്‍ ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നത്.
ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം നിലപാട് നിര്‍ഭാഗ്യകരമാണെന്നും ഈ നിലപാട് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമി ചട്ടങ്ങള്‍ക്കനുസരിച്ചാണ് പാട്ടത്തിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സിപിഎം എടുത്ത നിലപാട് വികസനത്തെ മുരടിപ്പിക്കുന്നതാകയാല് വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: