കോഴിക്കോട്: ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബി. അശോകനെ കേരള വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനെടുത്ത മന്ത്രിസഭാ നിര്‍ദ്ദേശം തികച്ചും നിര്‍ഭാഗ്യകരമാണെന്ന് ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന സെക്രട്ടറി കെ.എം. രാധാകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
ശിവഗിരിയെപ്പോലെയുള്ള മഹത്തായ ഒരു പുണ്യസ്ഥലം, അതും ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കുവാനും അവിടെവെച്ച് നടക്കുന്ന ഗുരുവിന്റെ ധര്‍മ്മവചനങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ശ്രേഷ്ഠമായ പരിപാടിയില്‍ നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനം “എന്തുകൊണ്ട് ആയിക്കൂട?” എന്ന ലേഖനമെഴുതിയതിന്റെ പേരില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റുക എന്നത് കേരളത്തിന്റെ മതേതര സമൂഹത്തോട് തന്നെ ചെയ്ത വലിയൊരപരാധമായിപ്പോയി. രാഹുല്‍ഗാന്ധിയെ വര്‍ക്കല ശിവഗിരിയിലെ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ഉമ്മന്‍ചാണ്ടിയെ പലവട്ടം പല ഉദ്ഘാടന സമ്മേളനങ്ങളിലും പങ്കെടുപ്പിക്കുകയും ശിവഗിരി നടത്തുന്ന എല്ലാ സമ്മേളനങ്ങളിലും വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ സാന്നിധ്യം ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ശിവഗിരി സന്ന്യാസി സമൂഹം.
ഹിന്ദുവിശ്വാസ പ്രമാണങ്ങളുമായി മുന്നോട്ട് പോകുന്ന നരേന്ദ്രമോദി ‘ശിവഗിരിയില്‍ വന്നാല്‍ എന്താ’ എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ലേഖനം എല്ലാ മാന്യതയും മര്യാദയും ലംഘിച്ചിരിക്കുകയാണെന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ വിലയിരുത്തല്‍ തികച്ചും അല്പത്തമായിപ്പോയി എന്ന അഭിപ്രായമാണ് ഹിന്ദുപാര്ലമെന്റിനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ചില വൈസ് ചാന്‍സലര്‍മാര്‍ ചെയ്യുന്ന സ്വജനപക്ഷപാതപരമായ തീരുമാനങ്ങള്‍ക്കും മറ്റു അഴിമതികള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ ആരോപണങ്ങളുയരുമ്പോള്‍ അവരെ തല്‍സ്ഥാനങ്ങളില്‍ പുന:പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന മന്ത്രിമാര്‍ ഉള്ള സഭയാണ് തികച്ചും നിരുപദ്രവമായ ഒരു ലേഖനം എഴുതിയതിന്റെ പേരില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ക്രൂശിക്കുന്നത്. ഇത്തരം നിലപാടുകള്‍ക്കെതിരെ നിഷ്പക്ഷമതികള്‍ക്ക് പ്രതികരിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല, രാധാകൃഷ്ണന് പറഞ്ഞു.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് അരുള്‍ ചെയ്ത ഗുരുവിന്റെ സമാധിയില്‍ അര്‍ച്ചന ചെയ്യുകയാണ് നരേന്ദ്രമോദി ആദ്യമായി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: