ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തെ കുറിച്ച് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.എം.ഷുക്കൂര്‍ നടത്തിയ പ്രസ്താവന കെ.പി.സി.സിയുടേതാണോയെന്ന് വ്യക്തമാക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. സമുദായത്തിനെതിരേ ആലപ്പുഴ ഡിസിസി പാസാക്കിയ പ്രമേയം കെപിസിസി അംഗീകരിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എന്‍ഡിപിക്ക് നല്കിയ സ്ഥാനമാനങ്ങള്‍ ഷുക്കൂറിന്റെ ഔദാര്യമല്ല. സ്ഥാനമാനങ്ങള്‍ നല്‍കാനും തിരിച്ചെടുക്കാനും കഴിവുള്ള വ്യക്തിയല്ല ഷുക്കൂര്‍. ഈഴവ സമുദായത്തോട് പ്രത്യേക വിധ്വേഷമുള്ളതു പോലെയാണ് ഷുക്കൂറിന്റെ പെരുമാറ്റം. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വ്യക്തിപരമായാണ് അയാള്‍ എടുക്കുന്നത്. സമുദായ വിധ്വേഷണം വളര്‍ത്താനാണ് ഷുക്കൂറും ആലപ്പുഴ ഡിസിസിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കേരള രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാത്രം ഷുക്കൂര്‍ ആരാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ആലപ്പുഴ ഡി.സിസിക്കെതിരെ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയും അടൂര്‍ പ്രകാശും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ അറിയുന്നുണ്ടെന്നും പരിഹരിക്കാന്‍ ഇടപെടുമെന്നും ഇരുവരും ഉറപ്പു നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫോണില്‍ വിളിക്കുമെന്ന് അടൂര്‍ പ്രകാശ് അറിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു.
പ്രമേയം പാസാക്കിയതിനെതിരേ എ.കെ. ആന്റണി പ്രതികരിച്ചപ്പോള്‍ രമേശ് ചെന്നിത്തല മൗനം പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ എസ്.എന്‍.ഡി.പിക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. അതിനാല്‍ ഇനി സര്‍ക്കാരും കോണ്‍ഗ്രസുമായി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി എത്തിയപ്പോഴാണ് ഷുക്കൂറിനും യുഡിഎഫിനും എതിരേ വെള്ളാപ്പള്ളി ആഞ്ഞടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: