ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മന്‍ വമ്പന്‍ ബയേണ്‍ മ്യൂണിക്കിന് കിരീടവിജയത്തിന്റെ പഞ്ചാമൃതം. സ്വന്തം നാട്ടുകാരായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ 2-1ന് കീഴടക്കി ബയേണ്‍ യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ട്രോഫികളിലൊന്ന് വീണ്ടും ഷെല്‍ഫിലെത്തിച്ചു. ഇത് അഞ്ചാം തവണയാണ് ക്ലബ്ബ് ഫുട്ബോളിലെ രാജകിരീടം ബയേണ്‍ സ്വന്തമാക്കുന്നത്. 1974, 75, 76, 2001 എന്നീ വര്‍ഷങ്ങളില്‍ ഇതിനു മുന്‍പത്തെ കിരീട നേട്ടങ്ങള്‍. കഴിഞ്ഞവര്‍ഷം ഫൈനലില്‍ ചെല്‍സിയോട് പെനല്‍റ്റി ഷൂട്ടൗട്ടിലേറ്റ പരാജയത്തിന്റെ നൊമ്പരമകറ്റാനും ഇതോടെ ബയേണിനായി. 2010ല്‍ ഇന്റര്മിലാനോടുള്ള തോല്‍വിയും ഇനി ജര്‍മന്‍ സംഘത്തിന് മറക്കാം.
ആവേശം നിറഞ്ഞൊഴുകിയ ഓള് ജര്‍മന്‍ ഫൈനലിന്റെ 89-ാം മിനിറ്റില്‍ സൂപ്പര്‍ താരം ആര്യന് റോബന്റെ ഗോളാണ് ബയേണിന് അവിസ്മരണീയ വിജയം ഒരുക്കിയത്. കഴിഞ്ഞവര്‍ഷത്തെ കലാശക്കളിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റോബനും ഈ ജയം കണക്കുതീര്ക്കലിന്റേതായി.
60-ാം മിനിറ്റില്‍ മരിയൊ മാന്സുകിക്കിലൂടെ മുന്നിലെത്തിയ ബയേണിന് ഇഗായ് ഗണ്‍ഡോഗന്റെ (64) പെനാല്‍റ്റി ഗോള്‍ വഴി ബൊറൂഷ്യ ഒപ്പം നിന്നു. എങ്കിലും അവസാന നിമിഷങ്ങളിലൊന്നില്‍ റോബന്റെ കുറിച്ച ഗോളിനു മറുപടി പറയാന്‍ ഡോര്‍ട്ട്മുണ്ട് ടീമിനായില്ല.
ആദ്യ പകുതിയില്‍ മികച്ചു നിന്നത് ബൊറൂഷ്യയായിരുന്നു. ഗോളി മാനുവല്‍ ന്യൂയറിന്റെ സേവുകള്‍ ബയേണിനെ താങ്ങിനിര്ത്തിയെന്നു പറയാം. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും യാക്കൂബ് ബ്ലാസിസ്കോവ്സ്കിയും പലതവണ ബയേണ്‍ പ്രതിരോധത്തെ വിറപ്പിച്ചു. മാര്‍ക്കോ റൂസും സ്വെന്‍ ബെന്‍ഡറും ഒന്നു രണ്ടു തവണ ന്യൂയറെ പരീക്ഷിക്കുകയും ചെയ്തു. ബൊറൂഷ്യ ഗോളി റോമന്‍ വെയ്ഡന്ഫെല്ലര്മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം റോബന് തുലച്ചത് ബയേണിനെ നിരാശപ്പെടുത്തി.
രണ്ടാം പകുതിയില്‍ ബൊറൂഷ്യ നിറംമങ്ങി. അവസരം മുതലെടുത്ത ബയേണ്‍ പ്രതീക്ഷാനിര്‍ഭരമായ നീക്കങ്ങള്‍ നടത്തി. അതിന്റെ ഫലമെന്നോണം മാന്സുകിക്കിന്റെ ഗോള്‍ വന്നു. ഫ്രാങ്ക് റിബറിയുടെ ത്രൂപാസ് പിടിച്ചെടുത്ത റോബന് വെയ്ഡന്ഫെല്ലറെ വെട്ടിച്ച നല്കിയ പന്ത് മാന്സുകിക്ക് നിഷ്പ്രയാസം ഗോള്‍വര കടത്തി (1-0). ബയേണിന്റെ ആഘോഷത്തിന് നാലു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. റൂസിനെ ഡാന്റെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗണ്ഡോഗനു പിഴച്ചില്ല (1-1). ഫൈനല്‍ വിസില്‍ അടുക്കുന്തോറും ബയേണ്‍ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ ഓഫ്സൈഡ് കെണിയെ അതിജീവിച്ച റോബന് സുന്ദരമായൊരു ഷോട്ടിലൂടെ ബയേണിനെ ചരിത്രനേട്ടത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: