കാസര്‍കോട്: മാനവസേവനത്തിന് ഈശ്വരസേവയുടെ പുണ്യം പകര്‍ന്ന ആദ്ധ്യാത്മിക ഭാരത സന്ദേശം അലയടിച്ച പ്രൗഢോജ്ജ്വല ചടങ്ങില്‍ സേവാഭാരതി വൃന്ദാവനം ബാലസദനം നാടിന് സമര്‍പ്പിച്ചു. ഏച്ചിക്കാനത്ത് നടന്ന ചടങ്ങില്‍ സാംസ്കാരിക കേരളത്തിലെ അഞ്ച് പ്രമുഖ വ്യക്തികള്‍ നിലവിളക്ക് കൊളുത്തി സദനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉപ്പള കൊണ്ടേവൂര്‍ ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ശിശുരോഗ വിദഗ്ധന്‍ ഡോ.എ.സി.പത്മനാഭന് എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
സേവാഭാരതി കാഞ്ഞങ്ങാടിന്റെ സേവാമൃതം പദ്ധതിയുടെ ആദ്യസംരംഭമായ വൃന്ദാവനം ബാലസദനത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷിയാകാന്‍ നാടൊന്നടങ്കം എത്തിയിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, ആദ്ധ്യാത്മിക മേഖലകളിലെ പ്രമുഖരുടെ സംഗമവേദിയായ പരിപാടി ഉത്സവപ്രതീതി ഉളവാക്കി. ലോകത്തിന്റെ പൂജാമുറിയായ ഭാരതം ദേവനര്‍പ്പിക്കുന്ന അര്‍ച്ചനകളാണ് സേവന പ്രവര്‍ത്തനങ്ങളെന്ന് സ്വാമി യോഗാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
സാമൂഹ്യ പരിവര്‍ത്തനമാണ് സേവാഭാരതിയുടെ ലക്ഷ്യമെന്നും ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്ക് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നതിന് തെളിവാണ് ഇത്തരം സംരംഭങ്ങളെന്നും പി.ഇ.ബി.മേനോന് പറഞ്ഞു. പാരമ്പര്യത്തിന്റെ മഹനീയത കാത്തുസൂക്ഷിക്കുന്നതിന് സേവാഭാരതിയുടെ ഊര്‍ജ്ജവും പ്രേരണയും ആര്‍എസ്എസാണെന്ന് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഈശ്വരാനുഗ്രഹത്തിന്റേയും നിസ്വാര്‍ത്ഥ സേവനത്തിന്റേയും ഫലമാണ് വൃന്ദാവനം ബാലസദനമെന്ന് ഡോ.എ.സി.പത്മനാഭന് പറഞ്ഞു.
ഓഫീസ് ഉദ്ഘാടനം പി.കരുണാകരന് എംപിയും ഗ്രന്ഥാലയം ഉദ്ഘാടനം ഇ.ചന്ദ്രശേഖരന് എംഎല്‍എയും നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി ഭോജനശാല ഉദ്ഘാടനം ചെയ്തു. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.കെ.ബലറാം ഭാരതമാതാവിന്റെ ഫോട്ടോ അനാഛാദനം ചെയ്തു. ബാലസദനത്തിന് സ്ഥലം ദാനമായി നല്കിയ ബി.എം.വിശ്വേശ്വര റാവു, കരാര്‍ ഏറ്റെടുത്ത പി.നാരായണന് കോണ്ട്രാക്ടര് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്വാഗതസംഘം ചെയര്മാന് ഡോ.എ.സി.പത്മനാഭന് അധ്യക്ഷത വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് സി.കെ.വേണുഗോപാല്‍ സേവാമൃതം പദ്ധതി പരിചയപ്പെടുത്തി. വര്‍ക്കിംഗ് ചെയര്മാന് എ.സി.ധനഞ്ജയന് നമ്പ്യാര്‍ പൊന്നാട അണിയിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.വേലായുധന് സ്വാഗതവും സേവാഭാരതി സെക്രട്ടറി കെ.വി.ലക്ഷ്മണന് നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന കുടുംബസംഗമത്തില്‍ പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞ ഡോ.ടി.വനജ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസേവാ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: