മൂവാറ്റുപുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പളളി നടേശനെയും അവഹേളിക്കുവാനും ഒറ്റപ്പെടുത്തുവാനും ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങള്‍ നടക്കുന്നത് അപലപനീയവും ഉത്കണ്ഠാജനകവുമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യപരിവര്‍ത്തനത്തിന് ഉജ്ജ്വല സംഭാവനകള്‍ നല്കിയ രണ്ട് സുപ്രധാനസംഘടനകളുടെ സമുന്നതരായ നേതാക്കളെ തെരഞ്ഞുപിടിച്ച് അവമതിക്കുന്നത് ദുരുദ്ദേശ്യപരമാണ്. എന്തുചെയ്താലും പറഞ്ഞാലും ആരും ചോദിക്കാനില്ലെന്ന് കരുതരുത്. ആര്‍ക്കും കയറി എന്തും ചെയ്യാവുന്ന പുറമ്പോക്ക് ഭൂമികളല്ല എന്‍എസ്എസ് – എസ്എന്‍ഡിപി സംഘടനകള്‍. ഉജ്ജ്വലമായ പാരമ്പര്യവും ചരിത്രവും ഇവയ്ക്കുണ്ട്, കുമ്മനം ഓര്‍മിപ്പിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാം വീതിച്ചുനല്കുന്നവെന്നും ഹിന്ദുക്കള്‍ക്ക് കേരളത്തില്‍ നിന്നും പലായനം ചെയ്യേണ്ടിവരുമെന്നുമുള്ള ഈ സംഘടനാനേതാക്കളുടെ ആക്ഷേപത്തിന് വ്യക്തമായ മറുപടി കോണ്‍ഗ്രസ് നേതാക്കളോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടില്ല. മറിച്ച് സ്വന്തം അണികളെ അക്രമത്തിന് പ്രേരിപ്പിച്ച് തെരുവിലിറക്കി വിടാനാണ് കോണ്‍ഗ്രസ് തയ്യാറായത്. ന്യൂനപക്ഷങ്ങള്‍ക്ക് ചോദിച്ചതെല്ലാം കിട്ടി.
ഹിന്ദുക്കള്‍ തെരുവുതെണ്ടികളായി. ഈ അവസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ സ്വന്തം വീഴ്ച മറച്ചുപിടിക്കാന്‍ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും പ്രതിക്കൂട്ടിലാക്കുകയാണ്. ഈ സംഘടനകള്‍ ഉന്നയിച്ച മര്‍മപ്രധാനമായ ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച് പരസ്യസംവാദത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണം. ആരോപണങ്ങള്‍ നിഷേധിച്ചതുകൊണ്ടായില്ല. വസ്തുതകള്‍ നിരത്തി വ്യക്തമായ വിശദീകരണം നല്കാന് മുഖ്യമന്ത്രി മുന്നോട്ടുവരണം, കുമ്മനം ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് പറയുന്ന ആഭ്യന്തരമന്ത്രി ഒരു ഐജിയെ അന്വേഷണത്തിനായി നിയോഗിക്കേണ്ട കാര്യമില്ലായിരുന്നു. ഐജി അന്വേഷിക്കുംമുമ്പുതന്നെ പരാതി അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞസ്ഥിതിക്ക് അന്വേഷണം പ്രഹസനമാകുമെന്ന് വ്യക്തമാണ്.
എല്ലാ രംഗങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ഹിന്ദുജനതയുടെ മൗലികങ്ങളായ ചില പ്രശ്നങ്ങളാണ് ഈ രണ്ടുനേതാക്കളും ഉയര്‍ത്തിപ്പിടിച്ചത്. സംഘടിത ന്യൂനപക്ഷ മതശക്തിക്ക് മുന്നില്‍ കീഴടങ്ങിയ സര്‍ക്കാര്‍ എല്ലാപദ്ധതികളുടെയും ഗുണഭോക്താക്കള്‍ ന്യൂനപക്ഷമതക്കാര്‍ മാത്രമാണെന്ന വസ്തുത വിസ്മരിക്കുകയാണ്.
ഈ പച്ചയായ പരമാര്‍ഥം ജനങ്ങളോട് വെട്ടിത്തുറന്ന് പറയുന്നവരെ വര്‍ഗീയവാദികളായും കുഴപ്പക്കാരായും ചിത്രീകരിച്ച് ഒറ്റപ്പെടുത്തുവാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഈ ഹീനനീക്കം കേരളമണ്ണില്‍ ഇനി വിലപ്പോകില്ല. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ എല്ലാ ഹിന്ദുസഹോദരങ്ങളും ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് കുമ്മനം രാജശേഖരന് മുന്നറിയിപ്പ് നല്കി.
അന്നവും വെള്ളവും കൃഷിയും മുടിച്ച സര്‍ക്കാരാണ് കേരളത്തിലേത്. 7800 കോടി രൂപയാണ് കൊടുവരള്ച്ച മൂലം കേരളത്തിന് ഉണ്ടായ നഷ്ടം. സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ ദുരന്തമാണിത്. വികലമായ നയംകൊണ്ട് നാട് മരുഭൂമിയായി. വയലും കാടും നീര്‍ത്തടവും കുളവും കുന്നും മാഫിയകള്‍ക്ക് തീറെഴുതി കൊടുത്തു. പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുന്നതാണ് ഇന്ന് വികസനം. ഭൂരഹിതന് മിച്ചഭൂമി വിതരണം ചെയ്യുന്നതിലല്ല, മറിച്ച് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വയലും കാലയും പതിച്ചു നല്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. ഒരു ലക്ഷം ഹെക്ടര്‍ മിച്ചഭൂമി പിടിച്ചെടുത്ത് പാവങ്ങള്ക്കുനല്കാന് സര്‍ക്കാരിന് മനസില്ല. ഹാരിസന്റെ 60,000 ഹെക്ടര്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഏറ്റെടുക്കുന്നില്ല. കോര്‍പ്പറേറ്റ് മാഫിയകളുടെ വെറും കളിപ്പാട്ടമാണ് സര്‍ക്കാര്‍, രാജശേഖരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: