കൊട്ടിയം: തൃക്കോവില്‍വട്ടത്തെ സെക്രട്ടറി-പ്രസിഡന്റ് പോരിനിടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്ക് ഉടന്‍ കൊടുക്കാന്‍ സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെ ഗൂഡനീക്കമെന്ന് സൂചന.
പ്രസിഡന്റ് സ്ഥാനത്തിന് ആറുമാസത്തിലേറെ കൂടി സിപിഎമ്മിന് സമയപരിധിയുള്ളപ്പോഴാണ് സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ, സിപിഐയുടെ പുതിയ രഹസ്യനീക്കം.
സന്ദര്‍ഭം മുതലെടുത്ത് പ്രസിഡന്റിനെ താഴെയിറക്കി ആ സ്ഥാനം ഉടന്‍ കൈക്കലാക്കാന്‍ സിപിഐ രംഗത്തെത്തിയതിനെതിരെ സിപിഐയിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോശി പി മാത്യുവും സെക്രട്ടറിയും തമ്മിലുള്ള ശീതസമരം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് കമ്മിറ്റി നടന്നിരുന്നില്ല.
സെക്രട്ടറി പഞ്ചായത്ത് കമ്മിറ്റി യോഗത്തിലിരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു സംഭവം വ്യാഴാഴ്ചയോടെ രൂക്ഷമായത്. മിനിട്ട്സോ കണക്കുകളോ തന്നെ കാണിക്കാതെ സെക്രട്ടറി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് ഡിഡിപിക്ക് നല്കിയ പരാതിയില്‍ സൂചനയുള്ളതായി അറിയുന്നു. സെക്രട്ടറിയെ മാറ്റണമെന്ന പ്രസിഡന്റിന്റെ കത്തിന്മേല് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് ഓഫീസില്‍ വെള്ളിയാഴ്ചയെത്തി തെളിവെടുത്തിരുന്നു. അതേസമയം പഞ്ചായത്ത് കമ്മിറ്റിയിലെ സിപിഎമ്മിലെ മറ്റ് അംഗങ്ങള്‍ പോലും അറിയാതെയാണ് പ്രസിഡന്റ് സെക്രട്ടറിയെ മാറ്റണമെന്ന പരാതിയുമായി ഡിഡിപിക്ക് മുന്നില്‍ എത്തിയതത്രെ.
ഇതേതുടര്‍ന്ന് സെക്രട്ടറിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ എട്ടു സിപിഎം ഔദ്യോഗികപക്ഷ പഞ്ചായത്ത് അംഗങ്ങളും നാലു സിപിഐ അംഗങ്ങളും രണ്ടു സ്വതന്ത്രന്മാരും ഡിഡിപിയെ കണ്ടിരുന്നു. മാസങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോശി പി മാത്യുവും സെക്രട്ടറി അജയകുമാറും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പു പ്രവര്‍ത്തനം ശക്തമായ തൃക്കോവില്‍വട്ടത്ത് സിപിഎമ്മിന്റെ പ്രതിനിധിയായി പഞ്ചായത്തംഗമായ വിഎസ് പക്ഷക്കാരനെന്ന് കരുതുന്ന കോശി പി മാത്യുവിനെ പാര്‍ട്ടി ഔദ്യോഗിക വിഭാഗം തീരെ അംഗീകരിക്കുന്നില്ലത്രെ. പല കാര്യങ്ങളിലും സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ രഹസ്യ പിന്തുണ പഞ്ചായത്ത് സെക്രട്ടറിക്കുണ്ടത്രെ.
അതിനിടെ നല്ലരിതീയില് ഭരണം നടത്താന്‍ ഏറെ നാളായി പാര്‍ട്ടിയിലെ ചിലര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തോട് പരാതി പറഞ്ഞതായും സൂചനയുണ്ട്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: