കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിനോടും വിടചൊല്ലി.
ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യോടെ കളിക്കാരനെന്ന നിലയില്‍ രാജസ്ഥാന് റോയല്‍സുമായുള്ള കരാര്‍ ദ്രാവിഡ് അവസാനിപ്പിക്കും. ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് ടീം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ദ്രാവിഡിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ശ്രീശാന്തടക്കം മൂന്നു താരങ്ങള്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദത്തിലായ റോയല്‍സിനെ മുന്നില്‍ നിന്നുനയിച്ച ദ്രാവിഡ് അഭിമാനത്തോടെയാണ് കളമൊഴിയുന്നത്.
41-ാം വയസിലേക്കു കടന്നുകഴിഞ്ഞു. പന്ത്രണ്ട് മാസമെന്നത് കുറച്ചധികം സമയമാണ്. ഭാഗ്യത്തിന് ചാമ്പ്യന്‍സ് ലീഗിന് നമ്മള് യോഗ്യത നേടി. ആ ടൂര്‍ണമെന്റിന് ഇനി കുറച്ചു മാസങ്ങളെയുള്ളു. അതാണു വിരമിക്കാന്‍ പറ്റിയ സമയം, ദ്രാവിഡ് പറഞ്ഞു.
തോല്‍വി എല്ലായ്പ്പോഴും നിരാശാജനകംതന്നെ. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആര്‍ക്കും ജയിക്കാവുന്ന അവസ്ഥ. നിര്‍ഭാഗ്യവശാല്‍ നമ്മള് തോറ്റവരായി. എന്നാല്‍ കളത്തില്‍ പുറത്തെടുത്ത പോരാട്ടവീര്യത്തില്‍ ടീമംഗങ്ങള്‍ക്കെല്ലാം അഭിമാനിക്കാം, മുംബൈയുമായുള്ള മത്സരഫലത്തെ ദ്രാവിഡ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: