ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ അരുണിമ സിന്‍ഹയാണ് ഈ ആഴ്ചയിലെ താരം. 2011ല്‍ ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക് തെറിച്ചുവീണ് കാല് നഷ്ടപ്പെട്ട ദേശീയ വോളിബോള്‍ താരമാണ് അരുണിമ സിന്‍ഹ നാല് മാസമാണ് അന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഒരു കാല് മുറിച്ചു മാറ്റേണ്ടിയും വന്നു. ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ ആശുപത്രികിടക്കയില്‍ കിടക്കവേയാണ് അരുണിമ കൊടുമുടി പോലെ ഉറച്ച ഒരു തീരുമാനമെടുത്തത്. ആശുപത്രി വിട്ടാല്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമം തുടങ്ങും. കേട്ടവര്‍ക്ക് അവിശ്വസനീയമായാണ് ആദ്യം തോന്നിയത്. പക്ഷേ അരുണിമക്ക് അതൊരു ദൃഢ നിശ്ചയമായിരുന്നു.
ഝാര്‍ഖണ്ഡില്‍ നിന്നുളള പര്‍വ്വതാരോഹകയായ സൂസന് മേത്തയ്ക്കൊപ്പമാണ് അരുണിമ ഏപ്രില്‍ ഒന്നുമുതല്‍ കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കാനിറങ്ങിത്തിരിച്ചത്. ടാറ്റ സ്റ്റീല്‍ അഡ്വവഞ്ചര്‍ ഫൗണ്ടേഷനില്‍ നിന്ന് ഒന്നര വര്‍ഷത്തെ പരിശീലനം നേടിയിരുന്നു. പര്‍വതാരോഹണത്തിനുള്ള ആഗ്രഹം അരുണിമ പ്രകടിപ്പിച്ചപ്പോള്‍ പരിശീലകര്‍ പോലും ആദ്യം ആരും വിശ്വസിക്കാന്‍ തയ്യാറായില്ല.
എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന് അണുവിട മാറാന്‍ തയ്യാറല്ലായിരുന്നു ഈ 26കാരി. ദൃഢനിശ്ചയം കൊണ്ട് എവറസ്റ്റിന്റെ നെറുകയിലെത്തിയ അരുണിമ സിന്‍ഹയാണ് എവറസ്റ്റ് കീഴടക്കുന്ന ആദ്യ പൂര്‍ണ്ണ ശാരീരിക ക്ഷമതയില്ലാത്ത ഇന്ത്യന്‍ സ്ത്രീ. 2011ല്‍ ഒറ്റക്കാലുള്ള 61 കാരിയായ അമേരിക്കന്‍ വനിത റോണ്ട ഗ്രഹാം എവറസ്റ്റ് കീഴടക്കിയിരുന്നു. ശാരീരിക വെല്ലുവിളി അതിജീവിച്ച് സാഹസിക വിജയം കൈവരിച്ച അരുണിമയിപ്പോള്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ അഭിമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: