Categories: Vicharam

മലയാള മഹത്വം ഇനി വാനോളം

Published by

നമ്മുടെ മലയാളം ശ്രേഷ്ഠ ഭാഷയെന്ന സുവര്‍ണ്ണ കിരീടമണിഞ്ഞിരിക്കുന്നു. ഈ ഭാഷയുടെ ഹൃദയാവര്‍ജ്ജക ശേഷിയും സൗന്ദര്യവും നമ്മുടെ രാഷ്‌ട്രത്തിന്റെ ഔദ്യോഗിക വിശേഷപദപ്രയോഗത്തിന്‌ പാത്രീഭവിച്ചതില്‍ നാം അഭിമാനിക്കുന്നു. ഏതു മാനദണ്ഡമുപയോഗിച്ച്‌ പരിശോധിച്ചാലും മലയാളം മഹനീയം തന്നെ. അതു തെളിയിക്കാന്‍ ഇനി അധികമരങ്ങ്‌ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തിലെ ഏതു ഭാഷയോടും സാഹിത്യത്തോടും മത്സരിച്ച്്‌ മുന്നേറാന്‍ ആസ്പദമായ രസലയഘടകങ്ങള്‍ മലയാളത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്നതിന്‌ അധിക വിശദീകരണം വേണ്ട. എഴുത്തിലും പ്രതിപാദ്യത്തിലും മലയാളിയുടെ മലയാള വിചാരം ലോകോത്തരമായതിന്റെ സന്തോഷം ഞാനും പങ്കുവെയ്‌ക്കുന്നു അതിനുവേണ്ടിയുള്ള അതീവ പ്രയത്നത്തില്‍ പങ്കാളിയായതിന്റെ ചാരിതാര്‍ത്ഥ്യവും മറച്ചു വയ്‌ക്കുന്നില്ല.

മലയാളം ഒരു ഇതിഹാസമാണ്‌. കാലത്തെ അതിജീവിക്കുന്നത്‌ എന്നതാണ്‌ ‘ഇതിഹാസം’ എന്ന പദത്തിനര്‍ത്ഥം. അതിജീവനശേഷിയാണ്‌ ഇവിടെ മുഖ്യ വിഷയം. പഴക്കം, സാഹിത്യം, സമ്പുഷ്ടത ഉപയോഗത്തിന്റെ വ്യാപ്തി തുടങ്ങിയവ ശ്രേഷ്ഠത നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്‌. എന്നാല്‍ ഇതിനുപരി പദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അര്‍ത്ഥ വ്യാപ്തി ഉള്‍ക്കൊള്ളാന്‍ നാം കൂടുതല്‍ മനസ്സുവയ്‌ക്കേണ്ടിയിരിക്കുന്നു. കേരളം ഭൂപ്രദേശപരമായി മനോഹരമായിരിക്കുന്നതുപോലെ കേരളീയരുടെ തനതുഭാഷയ്‌ക്ക്‌ മനോഹാരിത കൈവരണമെങ്കില്‍ അര്‍ത്ഥ കല്‍പനകളുടെ ആഴമറിഞ്ഞ്‌ പ്രയോഗിക്കാന്‍ ശീലിക്കണം. ‘അമ്മ’ എന്നതിന്റെ വ്യാപ്തിയും സ്നേഹം, സാഹോദര്യം, സൗഹൃദം തുടങ്ങിയവയുടെ പദ അര്‍ത്ഥത്തിന്റെ ആഴവും നാം അറിയണം. സുഹൃത്ത്‌ ‘നല്ല ഹൃദയമുള്ള’ ആളാണെന്നും സഹോദരന്‍ ‘ഒരേ ഉദരത്തില്‍ ജനിച്ചവന്‍’ എന്നും മനസ്സിലാകുമ്പോഴാണ്‌ ഭാഷ ഹൃദയത്തില്‍ കടന്ന്‌ സത്ശീലത്തിനും സത്ചിന്തയ്‌ക്കും വഴിയൊരുക്കുന്നത്‌. ഇതുപോലെ ഓരോ പദത്തിനും ‘കഥകള്‍’ പറയാനുണ്ടാകും. ഈ പറച്ചിലിനും വര്‍ത്തമാനകാലത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. അമ്മമാരും പെങ്ങന്‍മാരും സുഹൃത്തുക്കളും അവയുടെ മഹത്വം മനസ്സിലാക്കാതെ ഹൃദയത്തില്‍ കടന്നുകൂടിയാല്‍ ചിന്തയില്‍ അഴുക്കുപുരളും. അങ്ങനെയല്ലാത്ത അവസ്ഥയില്‍ മാത്രമാണ്‌ മലയാള ഭാഷ ശ്രേഷ്ഠത ആര്‍ജ്ജിക്കുന്നത്‌. പദങ്ങളും അവയുടെ അര്‍ത്ഥകല്‍പനകളും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യം കൂടിയാണ്‌ ഇത്‌ കാട്ടിത്തരുന്നത്‌.

മലയാളത്തിന്റെ മഹത്വം ജനനം മുതല്‍ ഓരോരുത്തര്‍ക്കും അനുഭവപ്പെടണം. കുടിപ്പള്ളിക്കൂടം മുതല്‍ അന്താരാഷ്‌ട്രതലം വരെ അതിന്റെ അനുരണനം ഉണ്ടാകണം. നമ്മുടെ ജന്മഭാഷയുടെ മഹത്വം നാം തന്നെ അനുഭവിച്ചറിയുന്ന അവസ്ഥ കൈവരണം. മലയാളത്തെ രണ്ടാംകിടയായി കരുതുകയും തല്‍സ്ഥാനത്ത്‌ മറ്റൊന്നിനെ അവരോധിക്കുകയും ചെയ്തുവരുന്നുണ്ട്‌ എങ്കില്‍ അവരുടെ നിലപാടുകളെ തിരുത്താന്‍ തക്ക സംവിധാനം നാം ഒരുക്കണം. പദവിക്ക്‌ സമ്മാനമായി ലഭിക്കുന്ന കോടിക്കണക്കിന്‌ രൂപ ആയിനത്തില്‍ ഉപയോഗപ്പെടുത്തണം. നമ്മുടെ ആസൂത്രണമികവായിരിക്കും ഭാഷാപോഷണത്തില്‍ പ്രതിഫലിക്കേണ്ടത്‌. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും ഒട്ടേറെ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്‌.

മലയാളം നിര്‍ബന്ധ ഭാഷയായി സ്കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവ്‌ ഇറക്കിയതും, ഭാഷാപ്രേമികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാള സര്‍വ്വകലാശാല സ്ഥാപിച്ചതും, ഭാഷാപോഷണത്തിന്‌ മലയാള ഭാഷാദിനപ്പതിപ്പ്‌ പ്രസിദ്ധപ്പെടുത്തിയതും ഈ വിഷയത്തില്‍ ഈ വകുപ്പ്‌ നടത്തിയ പ്രത്യേക നേട്ടങ്ങള്‍ തന്നെയാണെന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ നേടിയ ശ്രേഷ്ഠപദവി അതിന്റെ കൂടി ഭാഗമാണെന്നതും ശ്രദ്ധേയമാണ്‌.

ഭാഷ വളര്‍ത്താന്‍ നമുക്ക്‌ അനേകം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പദസമ്പത്ത്‌ വര്‍ദ്ധിപ്പിക്കലാണ്‌ അതില്‍ മുഖ്യം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പദസമ്പത്ത്‌ മലയാള ഭാഷയിലാകുവാന്‍ നാം മനസ്സുവയ്‌ക്കണം. മലയാളി ലോകത്തെമ്പാടും ഉണ്ട്‌ എന്നത്‌ ഈ കാര്യത്തില്‍ അനുകൂല ചിന്തയുണ്ടാക്കുന്നു. ഇപ്പോള്‍ പദസമ്പത്ത്‌ താരതമ്യേന കുറവാണ്‌. ഉപയോഗ ലുപ്തമായ പദങ്ങള്‍ തേടിപ്പിടിച്ചും, ഇനിയും മലയാളീകരിച്ചിട്ടില്ലാത്തവക്ക്‌ പദം കണ്ടെത്തിയും വ്യാപകമാക്കിയും നാം ഈ വിഷയത്തില്‍ മുന്നേറണം. ലോകത്ത്‌ വര്‍ദ്ധിച്ചുവരുന്ന അറിവിന്റെ വൈവിധ്യമാര്‍ന്ന മേഖലകളിലെ പദങ്ങള്‍ക്ക്‌ മലയാളം കണ്ടെത്താനും നാം ശ്രദ്ധ വയ്‌ക്കണം. ഈ വിഷയത്തില്‍ അധ്യാപകര്‍ക്ക്‌ കൂടുതല്‍ പങ്ക്‌ വഹിക്കാനുണ്ട്‌. മലയാളം അറിവുകൊണ്ടും തൊഴിലുകൊണ്ടും നമ്മെ രക്ഷപ്പെടുത്താന്‍ പ്രാപ്തിയുള്ള ഭാഷയായി വളര്‍ന്നാലെ കൂടുതല്‍ അംഗീകാരമാകൂ. വായനാരംഗത്തും സാഹിത്യനിര്‍മ്മാണ രംഗത്തും കമ്പ്യൂട്ടര്‍ ഉപയോഗ രംഗത്തും അവ വ്യാപകമാകുമ്പോഴാണ്‌ ശ്രേഷ്ഠത അര്‍ത്ഥ പൂര്‍ണ്ണമാകുന്നത്‌.

പി.കെ. അബ്ദുറബ്ബ് (വിദ്യാഭ്യാസവകുപ്പ് മന്ത്രി)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by