ന്യൂദല്‍ഹി: കോട്ലയില് സൂര്യനുദിക്കാന്‍ റോയല്‍സ് അനുവദിച്ചില്ല. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്താനായാല്‍ റോയല്‍സിന് കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച റോയല്‍സ് നാല് പന്തുകള്‍ ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ബാംഗ്ലൂരിന് മീതെ പറന്ന ഹൈദരാബാദ് ടീമിന് പക്ഷെ റോയല്‍സിനെ പിടിച്ചുനിര്‍ത്താനായില്ല.
ഒത്തുകളി വിവാദത്തില്‍ ഏറെ ബാധിക്കപ്പെട്ട ടീമായിരുന്നു രാജസ്ഥാന് റോയല്‍സ്. അതിനാല്‍ എലിമിനേറ്റ് ചെയ്യപ്പെടുന്ന മത്സരത്തില്‍ ഒരു പരാജയം അവര്‍ക്ക് ചിന്തിക്കാന്‍ കൂടി സാധ്യമായിരുന്നില്ല. അത് ടീമിനെ കൂടുതല്‍ മോശമാക്കും എന്ന വ്യക്തമായ ധാരണയിലാണ് അവര്‍ കളിക്കാനിറങ്ങിയത്. വിവാദങ്ങളില്‍ നിന്ന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ടീം ആഗ്രഹിച്ചത്. അത് സാധ്യമാക്കാന്‍ ദ്രാവിഡിനും കൂട്ടര്‍ക്കും കഴിഞ്ഞു.
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇരു ടീമുകളും റണ്ണിനായി ഏറെ ബുദ്ധിമുട്ടി. തുടക്കത്തിലേറ്റ തകര്‍ച്ചയുമായാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് ആരംഭിച്ചത്. സ്കോര്‍ മൂന്നില്‍ എത്തിയപ്പോള്‍ തന്നെ രണ്ടുവിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. പാര്‍ത്ഥിവ് പട്ടേലും (1) ഹനുമാ വിഹാരിയുമാണ് (1). വിക്രംജിത് മാലികിന്റെ പന്തില്‍ പുറത്തായത്. ശിഖര്‍ ധവാനും കാമറൂണ്‍ വൈറ്റും ഒത്തുചേര്‍ന്നതോടെയാണ് സണ്‍റൈസേഴ്സിന്റെ സമ്മര്‍ദത്തിന് അയവുണ്ടായത്. സ്കോര്‍ 55 ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ കഴിഞ്ഞത്. 31 റണ്‍സെടുത്ത വൈറ്റ് ത്രിവേദിയുടെ പന്തില്‍ കൂപ്പറിന് പിടി നല്കി മടങ്ങി. സ്കോര്‍ ഇഴഞ്ഞുനീങ്ങിയ മത്സരത്തില്‍ പൊട്ടിത്തെറിക്കാന്‍ ബാറ്റ്സ്മാന്മാര്ക്കായില്ല. സ്കോര്‍ 83 ല്‍ എത്തിയശേഷമാണ് ധവാന് മടങ്ങിയത്. 33 റണ്‍സെടുത്ത ധവാന് ഫോള്ക്ക്നറിന്റെ പന്തില്‍ ത്രിവേദിക്ക് പിടി നല്കി മടങ്ങുകയായിരുന്നു. ഡാരന്‍ സമി ഒരു ചെറിയ കുതിപ്പിന് ശ്രമിച്ചെങ്കിലും റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി. 21 പന്തില്‍ നിന്നും 29 റണ്‍സാണ് സമി കൂട്ടിച്ചേര്‍ത്തത്. ബാക്കിയാര്‍ക്കും കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. രാജസ്ഥാന് റോയല്‍സിനുവേണ്ടി മാലിക് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച റോയല്‍സിന് ആദ്യം നഷ്ടമായത് ക്യാപ്റ്റന്‍ ദ്രാവിഡിന്റെ വിക്കറ്റായിരുന്നു. 12 റണ്‍സെടുത്ത ദ്രാവിഡിനെ ഇഷാന്ത് കരണ്‍ ശര്‍മയുടെ കൈകളിലെത്തിച്ചു. വാട്സണ് (24), രഹാനെ(18) എന്നിവര്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. വാട്സണ് 15 പന്തില്‍നിന്നുമാണ് 24 റണ്‍സെടുത്തത്. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ സണ്‍റൈസേഴ്സ് വിജയിച്ചു. യാഗ്നിക്(0), ബിന്നി(2) എന്നിവര്‍ കൂടി മുട്ടുകുത്തിയപ്പോള്‍ രാജസ്ഥാന് 5 ന് 57 എന്ന നിലയിലേക്ക് മൂക്കുകുത്തി. സണ്‍റൈസേഴ്സിന് പ്രതീക്ഷ ഉയര്‍ന്ന സമയമായിരുന്നു അത്. എന്നാല്‍ ബ്രാഡ് ഹോഡ്ജ് ഹൈദരാബാദിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു. സഞ്ജു സാംസണ് മുതിരാതെ ഹോഡ്ജിന് പിന്തുണ നല്കിയപ്പോള് കളി ഹോഡ്ജ് റോയല്‍സിന് അനുകൂലമാക്കി മാറ്റി. സ്കോര്‍ 102 എത്തിയപ്പോള്‍ സാംസണ് സ്റ്റെയിനിന്റെ പന്തില്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഫോള്‍ക്ക്നര്‍ ഹോഡ്ജിന് മികച്ച പിന്തുണ നല്കി. 29 പന്തില്‍നിന്നും രണ്ട് ബൗണ്ടറികളുടെയും അഞ്ച് സിക്സറിന്റെയും കരുത്തില്‍ ഹോഡ്ജ് 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനുവേണ്ടി സമി രണ്ടുവിക്കറ്റ് വീഴ്ത്തി. റോയല്‍സിനെ വിജയത്തിലേക്ക് നയിച്ച ഹോഡ്ജാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: