കൊല്ലം: അരിപ്പ ഭൂസമരം ജില്ല നേരിടുന്ന സുപ്രധാനമായ പ്രശ്നമാണെന്നും സമരം പരിഹരിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും ജില്ലാ കളക്ടര്‍ ബി.മോഹനന്. ജില്ലാ ഭരണകൂടം ഇതിനായി എല്ലാ നടപടികളും സ്വീകരിക്കും. ആവശ്യമായ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും. ജില്ലാ കളക്ടറായി ചുമതലേറ്റെടുത്തശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുനാഗപ്പള്ളി അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട പ്രശ്നവും കൊല്ലം തുറമുഖവികസത്തിനായി ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്നവും എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. അഴീക്കലിലെ പ്രശ്നം സ്ഥലവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാഹചര്യമൊരുക്കി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. കൊല്ലം തുറമുഖത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് 29ന് പോര്‍ട്ട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.
അപേക്ഷകള്‍ നല്കി ദിവസങ്ങളോളം കാത്തിരിക്കുകയും പരിഹാരം കാണാന്‍ ശുപാര്‍ശകള്‍ നടത്തുകയും ചെയ്യേണ്ട സ്ഥിതി മാറണം. ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും ജനങ്ങള്‍ക്ക് ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധ ചെലുത്തും. സേവനാവകാശം അതിന്റെ സമ്പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശ്യം. നിയമവിരുദ്ധമായ ഒരു ശുപാര്‍ശയും അംഗീകരിക്കില്ല. എംപി ഫണ്ട് വിനിയോഗത്തിലെ പാളിച്ച മേലില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കളക്ടര്‍ ബി.മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: