പത്തനംതിട്ട: കേരളത്തിലെ സംരക്ഷിതവനമേഖലകളില് ഏറ്റവും പ്രധാനപ്പെട്ട ഗവിയിലേക്ക് വന്‍ ടൂറിസം പാക്കേജ് നടപ്പിലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത ആറന്മുള എംഎല്‍എയുടെ നടപടി വിവാദമാകുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഗവി അപൂര്‍വ്വയിനം സസ്യവന്യജീവിജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.
നിയന്ത്രിത അളവില്‍ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്ന നടപടിയും നിര്‍ത്തലാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെടുമ്പോഴാണ് വകുപ്പറിയാതെ ടൂറിസംപദ്ധതി ആറന്മുള എംഎല്‍എ അഡ്വ.കെ.ശിവദാസന്‍നായര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൈതൃകഗ്രാമമായ ആറന്മുളയില് ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സ്വകാര്യവിമാനകമ്പനിക്ക് വേണ്ടി മണ്ണിട്ട് നികത്തി പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന എംഎല്‍എയുടെ പുതിയ പദ്ധതിയും ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
വന്യജീവികള്‍ക്കും പരിസ്ഥിതിക്കും പ്രത്യേകനിയമം നിലനില്‍ക്കെയാണ് ഈ തീരുമാനം. ശബരിമല വനങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഇവിടം ടൈഗര്റിസര്വ്വ് മേഖലയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് വനംവകുപ്പ്. മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിക്കാതെ എംഎല്‍എ ശിവദാസന്‍നായരും പിണിയാളുകളും ഒന്നിച്ചുകൂടിയ ഗവേണിംഗ് ബോഡിയാണ് ടൂറിസംപാക്കേജ് നടപ്പാക്കാന്‍ തീരുമാനമെടുത്തത്. പദ്ധതിയോട് വനംവകുപ്പിന് ശക്തമായ വിയോജിപ്പുണ്ട്. വളരെയേറെ ദീര്‍ഘവീക്ഷണത്തോടെ സംരക്ഷണ ംനടപ്പാക്കേണ്ട പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ഗവി.
ജില്ലാ ടൂറിസം പ്രോമോഷന് കൗണ്‍സില്‍ എടുത്ത നടപടിക്ക് പിന്നില്‍ ഗൂഢതന്ത്രങ്ങളുമുണ്ട്. ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ നിന്ന് വിനോദസഞ്ചാരിളെ എത്തിക്കാനുള്ള ഡിടിപിസിയുടെയുടെ ടൂറിസം പാക്കേജാണ് പ്രാബല്യത്തില്‍ വരാന്‍പോകുന്നത്. ഇത് വന്യജീവികളുടെ സ്വൈരവിഹാരത്തിനെയും വനത്തിന്റെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് വനം, പരിസ്ഥിതി വകുപ്പുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ടൂറിസം പദ്ധതിയുടെ നിര്‍ദ്ദേശം എംഎല്‍എ മുന്നോട്ട് വയ്ക്കുകയായിരുന്നു. അത്യപൂര്‍വ്വമായ സസ്യജാലങ്ങളും ജീവജാലങ്ങളും ഉള്ള ഇവിടേക്ക് വന്‍തോതിലാണ് ടൂറിസ്റ്റുകള്‍ വരുന്നത്. ഇപ്പോള്‍ത്തനെ വിനോദസഞ്ചാരികളെ ഗവിയിലേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമുണ്ട്. അവധി ദിവസങ്ങളില്‍ 30 വാഹനങ്ങള്‍ക്കും അല്ലാത്ത ദിവസങ്ങളില്‍ 10 വാഹനങ്ങള്‍ക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുപോലും മാലിന്യങ്ങള്‍ തള്ളുന്നത് വന്‍പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കെ ഇപ്പോള്‍ പ്രാബല്യത്തിലാക്കാന്പോകുന്ന പാക്കേജ് വന്‍പ്രത്യാഘാതം ഉണ്ടാകുമെന്ന് വനംവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ദേശിയ പാതയായിട്ട് കൂടി പറമ്പിക്കുളം വനമേഖലയിലില് കൂടി വന്യജീവികളുടെ സഞ്ചാരം തടസ്സപ്പെടുമെന്ന് കണ്ട് വാഹനഗതാഗതം സുപ്രിം കോടതിയുടെ നിയന്ത്രണത്തിലാണ്. ഈ അവസരത്തില്‍ കേരളത്തിലെ ജൈവ, പരിസ്ഥിതി സംരക്ഷണമേഖലയും ടൈഗര്‍ റിസര്‍വ്വ് വനമേഖലയുമായ ഗവിയിലേക്ക് ബന്ധപ്പെട്ട് വകുപ്പുകളുടെ അനുമതിയില്ലാതെയും കോന്നി മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശമായ ഗവിയെ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയ ആറന്മുള എംഎല്‍എ ശിവദാസന്‍നായര്‍ എടുത്ത തീരുമാനത്തില്‍ ദുരൂഹതയേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: