വാഷിംഗ്ടണ്‍: ഭീകരവാദികളുടെ ഒളിത്താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലായ്മ ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പേരെടുത്തു പറയാതെ ഇന്ത്യയും അമേരിക്കയും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. അതിരുകടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
രണ്ടാമത് അമേരിക്ക-ഇന്ത്യ ആഭ്യന്തര സുരക്ഷാ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു രണ്ടുപേരുടെയും ഭീകരതയ്ക്കെതിരായ സംയുക്ത ആഹ്വാനം. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സുശീര്‍കുമാര്‍ ഷിന്‍ഡെയും ആഭ്യന്തര സുരക്ഷാ ചുമതലയുള്ള അമേരിക്കന്‍ സെക്രട്ടറി ജാനെറ്റ് നപ്പോളിറ്റാനോയുമാണ് വേദി പങ്കിട്ടത്. ഭീകരവാദം, അതിരുവിട്ട ആക്രമണങ്ങള്‍ പ്രതിരോധിക്കല്‍ തുടങ്ങി പൊതുവെല്ലുവിളികള്‍ നേരിടുന്നതില്‍ ഇരുരാജ്യങ്ങളിലെയും ആഭ്യന്തര സുരക്ഷ കൂടുതല്‍ ഉത്തരവാദിത്വവും പ്രാധാന്യവും നല്‍കണമെന്നും പരസ്പരം ഉറപ്പുനല്‍കി. അനധികൃത സമ്പത്തിന്റെ ഒഴുക്ക് തടയുക, കള്ളനോട്ടുകള്‍ തടയുക എന്നിവയിലൂടെ ഭീകരവാദം ചെറുത്ത് സൈബര്‍സുരക്ഷ വര്‍ധിപ്പിക്കാനും ഇന്തോ-യുഎസ് ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ കൂടുതല്‍ സഹകരണം നല്‍കാനും തീരുമാനിച്ചു.
ഉഭയ സുരക്ഷ ഉറപ്പുവരുത്തുക, പൊതുവെല്ലുവിളികള്‍ സംയുക്തമായി നേരിടുക, അതിനായി നിയമം നിര്‍മിച്ച് നടപ്പാക്കുന്ന ഏജന്‍സികള്‍ തമ്മില്‍ സഹകരിക്കുക, വികസനത്തിനും സാങ്കേതിക കണ്ടെത്തലുകള്‍ക്കും ഉള്ള ഉഭയസഹകരണം മെച്ചപ്പെടുത്തുക എന്നിവയിലും പരസ്പര സഹകരണം ഉറപ്പുവരുത്തി. ചര്‍ച്ചകളില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഇരുനേതാക്കളും പ്രധാന മേഖലയിലെ അടുത്ത ആറ് ആഭ്യന്തര സുരക്ഷാചര്‍ച്ചകള്‍ ഉപസംഘങ്ങള്‍ നടത്തുമെന്നും പറഞ്ഞു.
വന്‍ പട്ടണങ്ങളിലെ പോലീസ് സംവിധാനം, അനധികൃത സമ്പത്ത്-വമ്പിച്ച പണത്തിന്റെ കള്ളക്കടത്ത്-കള്ളനോട്ട് എന്നിവ തടയല്‍, സൈബര്‍ സുരക്ഷയും അതീവ അടിസ്ഥാന സൗകര്യ സംരക്ഷണം, തുറമുഖം-അതിര്‍ത്തി-സമുദ്രതീരം-ഗതാഗതവും സുരക്ഷാ കണ്ണികളുടെ വിതരണവും, ശാസ്ത്രസാങ്കേതിക സഹകരണം, കരുത്ത് വര്‍ധിപ്പിക്കല്‍ എന്നിവയിലാണ് ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്. ഉപസംഘങ്ങള്‍ ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പ് അമേരിക്കയും ഇന്ത്യയും സൈബര്‍ സുരക്ഷയും അതീവ അടിസ്ഥാന സൗകര്യ സുരക്ഷയിലും ഏര്‍പ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ആഭ്യന്തര സുരക്ഷാവകുപ്പിന്റെ ഭാഗമായി അതിര്‍ത്തി കടന്നുള്ള സാമ്പത്തിക അന്വേഷണപരിശീലന പദ്ധതിയും പ്രത്യേക സുരക്ഷാകോഴ്സുകളും സംഘടിപ്പിക്കാനും ഇരുകൂട്ടരും തീരുമാനിച്ചു.
വന്‍നഗരങ്ങളിലെ പോലീസ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അടുത്തവര്‍ഷം തന്നെ രണ്ടുപേരും ചേര്‍ന്ന് യോഗം സംഘടിപ്പിക്കും. ശാസ്ത്ര സാങ്കേതിക വികസന മേഖലകളില്‍ എവിടെയൊക്കെ ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരിക്കാമെന്നും അത് ആഭ്യന്തര സുരക്ഷാ രംഗത്ത് എങ്ങനെ വിനിയോഗിക്കാമെന്നും ചര്‍ച്ച ചെയ്യും. ബോസ്റ്റണിലേക്ക് പോകും മുമ്പ് ഷിന്‍ഡെ എഫ്ബിഐ ഡയറക്ടര്‍ റോബര്‍ട്ട് എസ്. മുള്ളറെയും യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറെയും കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: