കൊല്ലം: ജനാധിപത്യത്തിന്റെ സുഗമമായ പ്രയാണത്തിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ലക്ഷ്മണരേഖ വരക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും മാധ്യമങ്ങള്‍ അജണ്ട തീരുമാനിക്കുന്ന കാലമാണ് നിലവിലുള്ളതെന്നും മന്ത്രി കെസി ജോസഫ്. ഇരുപത്തിനാലു മണിക്കൂര്‍ പോലും ആയുസില്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ച് സത്യത്തെ അവഗണിക്കുന്ന നിലപാടുകളാണ് ചില ചാനലുകള്‍ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
കേരളാ പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ ജ്യുഡീഷ്യറിയും പോലീസും മാധ്യമങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ചാനലുകള്‍ പടച്ചിറക്കുന്ന വാര്‍ത്തകള്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വളരെ ദോഷകരമായ ഭവിഷ്യത്തുകളാണ് വരുത്തുന്നത്. കമേഴ്സ്യല്‍ റേറ്റിങ്ങ് ഉയര്‍ത്താനുള്ള തിടുക്കത്തില്‍ വാര്‍ത്തകള്‍ ഹൈജാക്കുചെയ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ വിഷയം ആളിക്കത്തിച്ച മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. സൗദിവിഷയത്തിലൂടെ എത്ര മലയാളികള്‍ക്കാണ് ദോഷം വരുത്തിയത്. സെക്രട്ടറിയേറ്റില്‍ നിന്ന് വാര്‍ത്തകള്‍ ചോര്‍ത്തിയതും വിട്ടു. വിവരാവകാശ നിയമം നിലവിലുള്ള രാജ്യത്ത് ഒരു വിവരം അറിയുന്നതിന് ചോര്ത്തുന്നതെന്തിനാണ്. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്ക് ഏഷ്യാ പെസഫിക്ക് രാജ്യങ്ങളില്‍വച്ച് സുതാര്യമായ ഭരണനിര്‍വ്വഹണത്തിന് ലഭിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്ക്കാരം ലഭിച്ച വിവരം അറിയിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തില്‍ അതു സംബന്ധിച്ചുള്ള ഒരു ചോദ്യങ്ങളിലും ദൃശ്യമാധ്യമങ്ങള്‍ താല്‍പ്പര്യം കാണിച്ചുകണ്ടില്ല. അച്ചടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യചെയ്യുന്നത് തന്മയത്വത്തോടാണ്. രാജ്യത്തിന് ഗുണകരമല്ലാത്ത പ്രവര്‍ത്തന ശൈലിയാണ് ചില മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചതെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി.
പോലീസ് സമ്മര്‍ദ്ദങ്ങളും ഭീഷണിയും നേരിടുകയാണ്്. ജനാധിപത്യത്തില്‍ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് പോലീസാണ്. എന്നാല്‍ മാധ്യമങ്ങള്‍ അനേഷണത്തിന്റെ ദിശതന്നെ മാറ്റുന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പോലീസ് ഉദോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ യുണ്ടാകുന്ന ഭീഷണിയും പൊലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി മോഡറേറ്ററായിരുന്നു. ജയില്‍ ഡിജിപി ഡോ അലക്സാണ്ടര്‍ ജേക്കബ്ബ് വിഷയാവതരണം നടത്തി.ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് സി എന്‍ രാമചന്ദ്രന് നായര്‍, എഡിജിപി ബി സന്ധ്യ, എന്‍ കെ പ്രേമചന്ദ്രന് , കെ.എം.റോയ്, ആര്.ബി ശ്രീകുമാര്‍, ബിജു പാപ്പച്ചന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസോസിയേഷന് വൈസ് പ്രസിഡന്റ് വി കെ നാരായണന് സ്വാഗതം പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് സോപാനം ആഡിറ്റോറിയത്തില്‍ ‘അനുഭവസാക്ഷ്യം’ എന്ന പേരില്‍ പൂര്‍വകാല പ്രവര്‍ത്തക സമാഗമം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് വി.കെ. നാരായണന് അധ്യക്ഷനായ ചടങ്ങില്‍ കെ. മുരളീധരന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജി.എസ്. ജയലാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ടി.എഫ്. സേവ്യര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് അഞ്ചിന് പബ്ലിക് ലൈബ്രറി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കാവല്‍ കൈരളി സബ് എഡിറ്റര്‍ കെ.വി. ഗിരീഷ്കുമാര്‍ സ്വാഗതം പറയും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ്, സിനിമാ സംവിധായകന് രാജീവ് അഞ്ചല്‍, ബാബു കുഴിമറ്റം, മുരുകന് കാട്ടാക്കട, ബെന്യാമിന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കോട്ടയം പോലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: