ന്യൂദല്‍ഹി: ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ കേണ്ടസര്ക്കാര് ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. പത്ത് ഗ്രാം സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 440 ഡോളറായിട്ടാണ് കുറച്ചിരിക്കുന്നത്. അതേ സമയം വെള്ളിയുടെ ഇറക്കുമതി ചുങ്കം മാറ്റമില്ലാതെ നിലനിര്‍ത്തി. 761 ഡോളറാണ് ഒരു കിലോ വെള്ളിയുടെ ഇറക്കുമതി തീരുവ. കഴിഞ്ഞ ആഴ്ച സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 466 ഡോളറായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച വിഞ്ജാപനം പുറപ്പെടുവിച്ചത്.
അതേസമയം ഭക്ഷ്യ എണ്ണ, കസ്കസ് മുതലായവയുടെ ഇറക്കുമതി താരിഫില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. സിംഗപ്പൂര്‍ വിപണിയിലും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ ഇടിവുണ്ടായി. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വിലയില്‍ 1,385 രൂപയുടേയും വെള്ളി ഒരു ഔണ്‍സിന് 23 ഡോളറിന്റേയും ഇടിവാണ് നേരിട്ടിരിക്കുന്നത്.
പത്ത് ഗ്രാം സ്വര്‍ണത്തിന് ദല്‍ഹിയിലെ വില 27,000 രൂപയും വെള്ളിയ്ക്ക് 44,200 രൂപയുമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗരാജ്യമാണ് ഇന്ത്യ.
ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ 215 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. വരും മാസങ്ങളിലും സ്വര്‍ണത്തിനുള്ള ഡിമാന്റ് ശക്തമാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: