പെരുമ്പാവൂര്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികള്‍ക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാതെ അധികൃതര്‍ വഞ്ചന കാട്ടുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് പെരുമ്പാവൂരില്‍ തൊഴിലാളി കുടുംബാംഗങ്ങള്‍ ധര്‍ണ്ണ നടത്തുന്നു. രാവിലെ 10 മുതല്‍ യാത്രി നിവാസിലാണ് ധര്‍ണ്ണ നടക്കുന്നത്. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പേരില്‍ ഇതുവരെയും ഭരണ-പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് നടത്തിവരുന്നത്. നാളിതുവരെയും യാതൊരു ആനുകൂല്യവും നല്‍കുന്നതിന് ഭരണനേതൃത്വം തയ്യാറായിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി പല തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണെന്നും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായപ്പോഴാണ് ധര്ണ്ണക്കൊരുങ്ങുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി വാഗ്ദാനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ചെറിയ കവലപ്രസംഗങ്ങള്‍ മുതല്‍ വലിയ പൊതുസമ്മേളനങ്ങള്‍ വരെയുള്ളവയില്‍ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ പി.പി.തങ്കച്ചനും സ്ഥലം എംഎല്‍എയും ഇടതുമുന്നണി നേതാവുമായ സാജുപോളും നാട്ടുകാരുടെ മുന്നില്‍ വലിയ വാഗ്ദാനങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതായി എംഎല്‍എ അറിയിച്ചതാണ്. പിന്നീട് ഈ വിഷയത്തില്‍ എംഎല്‍എയോ മന്ത്രിയോ മേല്‍നടപടികള്‍ സ്വീകരിച്ചില്ല.
പൂട്ടിക്കിടക്കുകയാണെങ്കിലും ഉടന്‍തന്നെ റയോണ്‍സിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പെരുമ്പാവൂരിലെത്തിയപ്പോഴും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇത് മുസ്ലീംലീഗിന്റെ ജില്ലാ നേതാവ് നിര്‍ബന്ധപൂര്‍വ്വം പറയിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞദിവസം കേരളയാത്രയുമായി പെരുമ്പാവൂരിലെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കാര്യത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്ന് വെറുതെ പറഞ്ഞിരുന്നു. പി.പി.തങ്കച്ചനും കെ.പി.ധനപാലന് എംപിയുമെല്ലാം ഉണ്ടായിരുന്ന വേദിയിലാണ് ചെന്നിത്തലയുടെ വാഗ്ദാനം വന്നത്. ഇതെല്ലാം കഴിഞ്ഞപ്പോള്‍ വരുന്ന 28ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ വ്യവസായ-നിയമവകുപ്പ് മന്ത്രിമാരുടെയും വിവിധ ബാങ്ക് മേധാവികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുമെന്ന് സാജുപോള്‍ എംഎല്‍എയും അറിയിച്ചിട്ടുണ്ട്.
1992ല്‍ റിട്ടയര്‍ ചെയ്തവര്‍ ഉള്‍പ്പെടെ 2000 തൊഴിലാളികള്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ളത്. എന്നാല്‍ കമ്പനി പൂട്ടിയതിനുശേഷം ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഇവിടുത്തെ ബാധ്യത തീര്‍ക്കാനായിട്ടില്ല. ഏഴ് ബാങ്കുകളിലും നാല് ഇതര ധനകാര്യ സ്ഥാപനങ്ങളിലുമായി കോടികളുടെ കടബാധ്യതയാണ് ട്രാവന്‍കൂര്‍ റയോണ്സിനുള്ളത്. എന്നാല്‍ എണ്ണൂറോളം തൊഴിലാളികള്‍ ഇന്നും ഇവിടെ നിലവിലുണ്ട്. ഇപ്പോള്‍ കൂലിപ്പണിയെടുത്താണ് പല കുടുംബങ്ങളും ജീവിതം തള്ളിനീക്കുന്നത്. ഇത്രയും നാളുകള്‍ക്കിടയില്‍ 2012ല്‍ ഓണത്തിന് 5000 രൂപയുടെ അലവന്‍സ് ലഭിച്ചതാണ് ഏകസഹായമെന്നും തൊഴിലാളികള്‍ പറയുന്നു. ഇനി നടക്കുമെന്ന് പറയുന്ന ചര്‍ച്ചകളിലും തങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്നും, റയോണ്‍സ് തൊഴിലാളികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും തൊഴിലാളി കുടുംബാംഗങ്ങള്‍ സങ്കടത്തോടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: