ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുന്നതിനായി താരങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. വാതുവെപ്പുകാര്‍ പോലീസില്‍ നല്കിയ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഇവരുടെ വലയില്‍ വീണതിനെത്തുടര്‍ന്നാണ് ഐപിഎല്ലിന് നാണക്കേടുണ്ടാക്കിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതിനിടെ ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവെപ്പുകാര്‍ രണ്ടരക്കോടി രൂപ നേടിയതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് ഒരോവറിനുള്ളില്‍ കോടികള്‍ കൊയ്തെടുത്തത്. ഇയാള്‍ മഹാരാഷ്ട്രയിലെ നിരവധി പദ്ധതികളില്‍ പണം മുടക്കിയിട്ടുള്ള വ്യക്തിയാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കോടികളാണ് അദ്ദേഹം നേടിയതെന്ന് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി അറസ്റ്റ് തുടരുകയാണ്. നിരവധി ഇടനിലക്കാര്‍ നേരത്തെതന്നെ പോലീസ് പിടിയിലായിക്കഴിഞ്ഞിരുന്നു. അതിനിടെ ബോളിവുഡ് താരം വിന്ദു ധാരാസിംഗ് പോലീസ് പിടിയിലായി. ഗുസ്തിവീരനും നടനും രാജ്യസഭാംഗവുമായിരുന്ന ധാരാസിംഗിന്റെ മകനാണ് വിന്ദു. പ്രശസ്ത ടെലിവിഷന്‍ അഭിനേതാവും കൂടിയാണ് വിന്ദു ധാരാസിംഗ്. ഈ അറസ്റ്റോടെ വാതുവെപ്പ് ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന് തെളിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ മുംബൈയിലെ വസതിയില്‍നിന്നും പോലീസ് അറസ്റ്റുചെയ്തത്. രമേശ് വ്യാസ് എന്ന വാതുവെപ്പുകാരന് നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു വിന്ദുവിനെ തേടി പോലീസെത്തിയത്.
യഥാര്‍ത്ഥ വാതുവെപ്പുസംഘങ്ങളെപ്പറ്റി ശ്രീശാന്തിന് വിവരമില്ലായിരുന്നുവെന്നാണ് പോലീസ് മനസിലാക്കിയിട്ടുള്ളത്. സുഹൃത്തായ ജിജു ജനാര്‍ദ്ദനനും അദ്ദേഹമാണ് ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന സംഘം മാത്രമാണെന്നാണ് ശ്രീശാന്ത് കരുതിയത്.
കഴിഞ്ഞ ദിവസം അജിത് ചാന്ദിലയുടെ ക്രിക്കറ്റ് കിറ്റില്നിന്നും പോലീസ് 20 ലക്ഷം രൂപ പിടിച്ചെടുത്തതോടെ വ്യാപകമായ തിരച്ചിലിനാണ് അന്വേഷണസംഘം തുടക്കം കുറിച്ചത്. ഒരു ബന്ധുവീട്ടില്നിന്നുമായിരുന്നു തുക പോലീസ് കണ്ടെടുത്തത്.
അതേസമയം ഐപിഎല്‍ വാതുവെപ്പില്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടിയേക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര നിയമമന്ത്രി കപില്‍ സിബലാണ് ഇതുസംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചത്. അറ്റോര്‍ണി ജനറല്‍ വിദേശത്തായതിനാല്‍ അദ്ദേഹം തിരിച്ചെത്തിയശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് കരുതപ്പെടുന്നു.
ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വാതുവെപ്പ് കേസില്‍ പോലീസിനൊപ്പം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: