കറാച്ചി: പരമ്പരാഗത ചിരവൈരിയായ ഇന്ത്യയുമായുള്ള ഏത് ക്രിക്കറ്റ് മത്സരവും എല്ലായ്പ്പോഴും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫി മുന്‍നിര്‍ത്തി പാക്കിസ്ഥാന് ഓള് റൗണ്ടര്‍ മൊഹമ്മദ് ഹാഫീസ്. ആതിഥേയരുമായി ഒരു ഏകദിനമത്സരം കളിക്കാന്‍ ടീം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹാഫീസ് ഐര്ലെന്റില് പാക് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാക് കളിക്കാര്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ഈ മത്സരത്തിന്റെ ഫലം ടൂര്‍ണമെന്റിലെ തങ്ങളുടെ പുറത്താകലിന്റെ സാധ്യത നിശ്ചയിക്കുന്നതാണെന്നും ഹാഫീസ് പറഞ്ഞു.
പാക്കിസ്ഥാനും ഇന്ത്യയും ജൂണ്‍ 15ന് എഡ്ജ്ബാസ്റ്റണിലാണ് ഏറ്റുമുട്ടുക. ഐസിസി ഇനങ്ങളില്‍ അക്ഷമയോടെ കാത്തിരിക്കുന്ന മത്സരമാണത്. ഇന്ത്യയോടുള്ള മത്സരം ഏറെ പ്രധാനപ്പെട്ടതാണെങ്കിലും ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളും അതേ പ്രാധാന്യത്തോടെ തന്നെ കാണുമെന്നും പാക്കിസ്ഥാന്റെ ട്വന്റി 20 ടീം നായകന് കൂടിയായ ഹാഫീസ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ മത്സരം കറന്റടിക്കും പോലെയാണ്. ഇന്ത്യക്കെതിരായ എല്ലാ മത്സരങ്ങളും ആനന്ദിപ്പിക്കുന്നവയാണ്, കാരണം അന്തരീക്ഷം വ്യത്യസ്തമാണ്, പരിസ്ഥിതിയാകട്ടെ കൂടുതല്‍ പ്രേരിപ്പിക്കുന്നതും. ഇരുടീമുകളും നൂറുശതമാനത്തില്‍ കൂടുതല്‍ നന്നായി കളിക്കുമെന്നും ഹാഫീസ് കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായി ആശ്ചര്യകരമായ ഏറ്റുമുട്ടലാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങളിലെ മത്സരം വേറിട്ട അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് ടീമിലെ ഭൂരിഭാഗം കളിക്കാരും ഇംഗ്ലണ്ടില്‍ ലീഗിലോ കൗണ്ടി ക്രിക്കറ്റിലോ ദേശീയ ടീമിനോ വേണ്ടി കളിച്ചിട്ടുള്ളവരാണെന്നത് ടീമിന് മുതല്‍ക്കൂട്ടാണ്. അവരുടെ അനുഭവം ടീമിന് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കും. ഇംഗ്ലണ്ടിലെ ടൂര്‍ണമെന്റിന് മുമ്പ് സ്കോട്ട്ലാന്റിലും ഐര്ലാന്റിലും ടീം കളിക്കുന്നു എന്നത് അതിലും മികച്ച കാര്യമാണ്. 2010ല്‍ നടത്തിയ അവസാന ഇംഗ്ലണ്ട് ടൂറിലെ ഏകദിന മത്സരങ്ങളില്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചതും ഹാഫീസ് സ്മരിച്ചു. ഇതിലാണ് സ്പോട്ട് ഫിക്സിംഗ് വാതുവയ്പ്പ് അരങ്ങേറിയത്.
എല്ലാം മറന്ന് ഓരോ ഗ്രൗണ്ടിലും കാണികള്‍ ടീമിനെ പിന്തുണയ്ക്കുന്നത് വളരെ ആവേശം ജനിപ്പിക്കുന്നു. ഇംഗ്ലണ്ടില്‍ മത്സരിക്കുമ്പോള്‍ തങ്ങള്‍ക്ക് വലിയ അളവിലുള്ള പാക് സമുദായങ്ങളുടെ കനത്ത പിന്തുണ ലഭിക്കുന്നത് അതിനെക്കാള്‍ വലിയ കാര്യമാണ്. മുതിര്‍ന്ന കളിക്കാരായ ഉമര്‍ ഗുല്‍, ഷാഹീദ് അഫ്രിദി, യൂനിസ് ഖാന് എന്നിവരുടെ അഭാവം തങ്ങളെ നിരാശരാക്കുന്നുണ്ടെന്ന് 32 കാരനായ താരം ചൂണ്ടിക്കാട്ടി. എന്നാല്‍ ചാമ്പ്യന്‍ ട്രോഫിക്കുള്ള ടീം യുവത്വം, പരിചയസമ്പന്നത, പേസ് ആക്രമണം എന്നിവയാല്‍ കരുത്തുറ്റതാണ്. ജുനൈദ് ഖാനും മുഹമ്മദ് ഇര്‍ഫാനും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പുതിയ ബാളില്‍ കൈക്കരുത്ത് തെളിയിക്കുമെന്നാണ് കരുതുന്നത്. ഒപ്പം സയീദ് അജ്മല്‍ എന്ന മികച്ച സ്പിന്നറുടെ മഹത്തായ പിന്തുണയും. അദ്ദേഹം പറഞ്ഞു.
മത്സരം ആരംഭിക്കുന്നതോടെ പാക് ബാറ്റിംഗും സ്ഥിരത കൈവരിക്കും. ഓപ്പണര്‍ നസീര്‍ ജംഷെഡ് തുടങ്ങി കഴിവുറ്റ ബാറ്റ്സ്മാന്മാര് ടീമിലുണ്ട്. നല്ല ടൈമിംഗ് ഉള്ള മികച്ച കളിക്കാരനാണ് നസീര്‍. എല്ലായ്പ്പോഴും നസീര്‍ മികച്ച ഷോട്ടുകളാണുതിര്ക്കുന്നതെന്നും ഹാഫീസ് കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരോടൊപ്പം പാക്കിസ്ഥാന് ബി ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: