കാലടി: നോവലിനേക്കാള്‍ കഥാസമ്പന്നമായ ജീവിതം നയിച്ച മഹാനായിരുന്നു ദസ്തയേവ്സ്കിയെന്ന് പ്രശസ്ത നിരൂപകനായ ഡോ. എസ്.കെ. വസന്തന് അഭിപ്രായപ്പെട്ടു. കാലടി എസ്എന്‍ഡിപി ലൈബ്രറിയില്‍ ദസ്തയോവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിന്റെ പുതിയ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി വേണു വി. ദേശമാണ് വിവര്ത്തകന്.
ടോള്‍സ്റ്റോയിയുടെ ഗഹനമായ തത്വചിന്താ വ്യാപാരങ്ങളുടെ ആവിഷ്കാരത്തോളം പോയില്ലെങ്കിലും മനുഷ്യന്റെ ദ്വിമുഖമായ വ്യക്തിത്വങ്ങളുടെ ഉള്ളറകള്‍ അന്വേഷിക്കുകയും ആവിഷ്കരിക്കുകയുമാണ് ദസ്തയോവ്സ്കി തന്റെ കൃതികളിലൂടെ ചെയ്തതെന്നും പലപ്പോഴും അപസ്മാര രോഗത്തിന്റെ പിടിയില്‍ ഉഴലുന്ന കഥാപാത്രങ്ങളുടെ വിശ്ലേഷണം ഏറെ സാഹസികമായി അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിച്ചുവെന്നും ഡോ. വസന്തന് ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ആദ്യമായി ദസ്തയോവ്സ്കിയുടെ കുറ്റവും ശിക്ഷയും വിവര്‍ത്തനം ചെയ്ത് ഡോ. എസ്.കെ. വസന്തന്റെ അച്ഛന് ഇടപ്പള്ളി കരുണാകര മേനോനായിരുന്നു.
അങ്കമാലി വിടി സ്മാരക ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എ.എസ്. ഹരിദാസ് അധ്യക്ഷനായിരുന്നു. കവി ശ്യാം സുധാകര്‍ പുസ്തകം ഏറ്റുവാങ്ങി. ദസ്തയോവ്സ്കിയുടെ കല എന്ന വിഷയത്തില്‍ എസ്. കണ്ണന് മുഖ്യപ്രഭാഷണം നടത്തി. മലയാള ഐക്യവേദി കണ്‍വീനര്‍ മഞ്ഞപ്ര ഉണ്ണികൃഷ്ണന്, കാലടി ബുധസംഗമം സാംസ്കാരിക കൂട്ടായ്മ കണ്‍വീനര്‍ കാലടി എസ്. മുരളീധരന്, വേണു വി. ദേശം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: