ലണ്ടന്‍: ലോകം കണ്ട എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായ അലക്സ് ഫെര്ഗൂസണ് പടിയിറങ്ങി. അവസാന മത്സരത്തില്‍ വിജയംനേടി വിടപറയാമെന്ന ആഗ്രഹം മാത്രം സഫലമായില്ല. ഇരുപത്തിയാറര വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പ്രവര്‍ത്തിച്ച ഫെര്ഗൂസണ് പ്രീമിയര്‍ ലീഗ് കിരീടം ക്ലബിന് നേടിക്കൊടുത്ത ശേഷമാണ് വിരമിക്കുന്നത്. വെസ്റ്റ്ബ്രോമുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും അഞ്ച് ഗോളുകള്‍ വീതം സ്കോര്‍ ചെയ്തപ്പോള്‍ ഫെര്‍ഗൂസന്റെ വിജയത്തോടെയുള്ള പടിയിറക്കം ഒഴിവാകുകയായിരുന്നു. 1500 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഫെര്ഗൂസണ് പരിശീലകസ്ഥാനം ഒഴിഞ്ഞത്.
ഗോള്‍മഴ കണ്ട മത്സരത്തില്‍ യുണൈറ്റഡിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ആദ്യപകുതിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റൊമേലു ലുകാകുവിന്റെ ഹാട്രിക് മികവിന് മുമ്പില്‍ മുട്ടുകുത്തി. 80 മിനിറ്റുകള്‍ക്കുശേഷം യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് മൂന്നുതവണയാണ് വെസ്റ്റ്ബ്രോം നിറയൊഴിച്ചത്. യുണൈറ്റഡിനുവേണ്ടി ആറാം മിനിറ്റില്‍ കഗാവയാണ് ആദ്യഗോള്‍ നേടിയത്. ഒന്‍പതാം മിനിറ്റില്‍ ഓള്സണ് സ്വന്തം പോസ്റ്റില്‍ ഗോള്തട്ടിയിട്ട് യുണൈറ്റഡിന്റെ ലീഡുയര്‍ത്തി. 30-ാം മിനിറ്റില്‍ ബട്ട്നര്‍ യുണൈറ്റഡിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 40-ാം മിനിറ്റില്‍ വെസ്റ്റ്ബ്രോമിനുവേണ്ടി മോറിസണ്‍ ഒരു ഗോള്‍ മടക്കി. പകുതിസമയത്ത് 3-1 എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിട്ടുനിന്നു.
കളിയുടെ 50-ാം മിനിറ്റില്‍ ലുകാകു ബ്രോമിനുവേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ ചുവപ്പന്പടക്ക് അപകടം മണത്തു. തിരിച്ചടിച്ച യുണൈറ്റഡ് മൂന്ന് മിനിറ്റുകള്‍ക്കുശേഷം വാന്‍പേഴ്സിയിലൂടെ ലീുഡുയര്ത്തി (4-2). 63-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസ് യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ ബ്രോം പിന്നീടാണ് കളി തുടങ്ങിയത്. ലുകാകുവും മുലുംബുവും ചേര്‍ന്ന് മൂന്ന് ഗോളുകള്‍ കൂടി നേടിയപ്പോള്‍ മാഞ്ചസ്റ്ററിന്റെ കണ്ണുതള്ളി. എങ്കിലും പരാജയപ്പെടാതെ മത്സരം അവസാനിപ്പിക്കാന്‍ അവര്‍ക്കായി എന്നതു മാത്രമാണ് ആശ്വാസം.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നോര്‍വിച്ച് പരാജയപ്പെടുത്തിയപ്പോള്‍ വിഗാന് ആസ്റ്റണ്‍വില്ല മത്സരം സമനിലയില്‍ കലാശിച്ചു. ലിവര്‍പൂള്‍, ചെല്‍സി, ആഴ്സണല്‍, ഫുള്‍ഹാം, ടോട്ടനം, വെസ്താം ടീമുകളും വിജയം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: