ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ വാതുവയ്പുകാരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ദല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ശ്രീശാന്ത് ഇത്തരത്തില്‍ മൊഴി നല്‍കിയത്. ഹമ്മര്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര കാറുകളും വിലകൂടിയ വാച്ചുകളും വാതുവയ്പുകാര്‍ താരങ്ങള്‍ക്ക് പാരിതോഷികമായി നല്‍കിയിട്ടുണ്ടെന്ന് ശ്രീശാന്ത് അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ ഇവര്‍ ഒത്തുകളിച്ചതായി തനിക്ക് അറിവില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
താരങ്ങളുടെ പേര് ശ്രീശാന്ത് പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചില കളിക്കാര്‍ നിരന്തരം വാതുവെയ്പുകാരുമായി ബന്ധപ്പെടാറുണ്ട്. താരങ്ങള്‍ക്ക് സ്ത്രീകളെ കാഴ്ചവെക്കുന്നത് പതിവാണെന്നും ശ്രീശാന്ത് മൊഴി നല്‍കി. എന്നാല്‍ താന്‍ കുടുങ്ങിയ സ്ഥിതിക്ക് മറ്റ് താരങ്ങളെ കൂടി കുടുക്കാന്‍ ശ്രീശാന്ത് കള്ളം പറയുകയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിനു മുമ്പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് ശ്രീശാന്തിനെ പുറത്താക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ദ്രാവിഡിനോട് ശ്രീ മോശമായി പെരുമാറിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശ്രീശാന്ത് ഒത്തുകളിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് സംശയമുണ്ടായിരുന്നു. മെയ് 12ന് ശേഷം ശ്രീശാന്ത് ടീമിന്റെ ഭാഗമല്ലെന്ന് അറിയിച്ചിരുന്നു. അന്നുതന്നെ ടീമിന്റെ ജയ്പൂരിലെ ഹോട്ടല്‍ റൂം ഒഴിയാനും ശ്രീശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന് നല്‍കാനുള്ള പണത്തിന്റെ ഭൂരിഭാഗവും നല്‍കിയതായും രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ പറഞ്ഞു.
ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തില്‍ തന്നെ ടീമിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ദ്രാവിഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ മികച്ച മീഡിയം പേസര്‍ താനാണെന്നും തന്നെ കളിപ്പിക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ മത്സരത്തില്‍ ശ്രീശാന്തിനെ കളിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് ശ്രീശാന്ത് ദ്രാവിഡുമായി കയര്‍ത്ത് സംസാരിച്ചിരുന്നു.
അതേസമയം ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും. സാകേത് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ ശ്രീശാന്തിന് വേണ്ടി ഹാജരാകും. ശ്രീശാന്തിനും വാതുവെയ്പുകാര്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് ജിജു ജനാര്‍ദ്ദനന്‍ പറഞ്ഞു.
പത്ത് ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയെന്നും ജിജു പറഞ്ഞു. വിദര്‍ഭയുടെ മുന്‍ രഞ്ജി താരം മനീഷ് ഗുഡോവ, സുനില്‍ ഭാട്ടിയ, കിരണ്‍ ഡോളി എന്നിവരെ ഔറംഗബാദില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. മുന്‍ റെയില്‍വെ താരം ബാബു റാവു യാദവിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പിടിയിലാകുന്ന സമയത്ത് ശ്രീശാന്ത് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മഹാരാഷ്‌ട്ര, കേരള മുഖ്യമന്ത്രിമാരോട് ചോദിച്ചാല്‍ താന്‍ ആരാണെന്നറിയാമെന്നായിരുന്നു ശ്രീശാന്തിന്റെ ഭീഷണി. ജിജുവിനെയും മറ്റുള്ളവരെയും കണ്ടപ്പോഴാണ് താന്‍ പിടിയിലായത് വാതുവയ്പ് കേസിലാണെന്ന് ശ്രീശാന്തിന് മനസ്സിലായതെന്നും പോലീസ് പറഞ്ഞു. ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിന്നും വാതുവെയ്പുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: