കൊട്ടാരക്കര: മെയിലം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളായ പെരുംകുളം പിവിഎച്ച്എസില് ഹയര്‍സെക്കണ്ടറി അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം നേടി വിദ്യാഭ്യാസ നിലവാരത്തിലും മുന്‍പന്തിയില്‍ ആണെന്ന് ഈ സ്കൂള്‍ തെളിയിച്ച് കഴിഞ്ഞു.
വര്‍ഷങ്ങളായി പ്ലസ്ടു അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും സമീപപ്രദേശങ്ങളിലെ ചില സ്വകാര്യ സ്കൂളുകളുടെ സമ്മര്‍ദ്ദം കാരണം ഈ നീക്കങ്ങള്‍ ഫലം കാണാതെ പോകുന്നു. എല്ലാ പഞ്ചായത്തിലും പ്ലസ്ടു അനുവദിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു.
ജനപ്രതിനിധികള്‍ വോട്ട് താല്പര്യം മുന്‍നിര്‍ത്തി സ്വകാര്യ സ്കൂളുകള്‍ക്ക് പോലും കെട്ടിട നിര്‍മ്മാണഫണ്ട് അനുവദിക്കുമ്പോള്‍ സാധാരണക്കാരന്റെ കുട്ടികള്‍ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് എന്നും അവഗണനയാണ് കാട്ടുന്നത്. സ്കൂളിന് വേണ്ടി വാദിക്കാന്‍ ശക്തമായ ഒരു സംവിധാനം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അര്‍പ്പണബോധമുള്ള ഒരുകൂട്ടം അധ്യാപകരും പിടിഎ കമ്മറ്റിയും സജീവമായി രംഗത്തുണ്ടെങ്കിലും വിദ്യാഭ്യാസ രംഗത്തെ ലോബിയിംഗുകള്‍ പലപ്പോഴും സ്കൂളിന് അവസരം നഷ്ടമാക്കുന്നു. ഇത്തവണ ഹയര്‍സെക്കണ്ടറി കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: