ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദം സംബന്ധിച്ച് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ദല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ അഞ്ച് നഗരങ്ങളില്‍ ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തുകയാണ്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പ്രത്യേക അന്വേഷണസംഘം എത്തിയിട്ടുണ്ട്.. വാതുവെപ്പിന് കള്ളപ്പണം ഉപയോഗിച്ചെന്ന സംശയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളിലും ഒത്തുകളി നടന്നതായി അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 12 ബോളില്‍നിന്ന് 12 റണ്‍ എടുക്കാനാവാതെ രാജസ്ഥാന്‍ റോയല്‍സ് കളി തോറ്റത് ഒത്തുകളി മൂലമാണെന്നാണ് പൊലീസ് കരുതുന്നത്. എട്ടു വിക്കറ്റ് ശേഷിക്കെയായിരുന്നു റോയല്‍സിന്റെ തോല്‍വി. കഴിഞ്ഞ സീസണില്‍ റോയല്‍സിനു വേണ്ടി കളിച്ച അമിത് സിങ്ങിനെ ചോദ്യം ചെയ്തപ്പോഴാണ് ഒത്തുകളി സൂചനകള്‍ ലഭിച്ചത്.
ഈ സീസണില്‍ റോയല്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തില്‍ സ്പോട്ട് ഫിക്സിങ്ങിനു പദ്ധതിയിട്ടിരുന്നു. ശ്രീശാന്തും ചണ്ഡിലയും അടുത്തടുത്ത ഓവറുകളില്‍ 28 റണ്‍ വിട്ടുകൊടുക്കാനായിരുന്നു ധാരണ. എന്നാല്‍ അവസാന ഇലവനില്‍ ഇരുവരും ഇല്ലാതിരുന്നതുകൊണ്ട് ഇതു നടന്നില്ല.
അതേസമയം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. വാങ്കഡെ സ്‌റ്റേഡിയത്തിലെ മത്സരത്തിനു ശേഷം ശ്രീശാന്തും ചവാനും പോയത് ബാന്ദ്രയിലെ പബ്ബിലേക്കാണ്. അവിടെവെച്ച് 4 ജി എന്ന പബ്ബില്‍വെച്ച് വാതുവെയ്‌പ്പുക്കാരന്‍ നിതാനിയെ കണ്ടു. അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി.
നിതാനിയെ അറസ്റ്റു ചെയ്തത് ലിങ്കിംഗ് റോഡില്‍വെച്ച്. ചവാന്‍ അറസ്റ്റിലായത് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിന് മുമ്പില്‍വെച്ച്. വാങ്കഡെ സ്‌റ്റേഡിയത്തില്‍ വെച്ചുതന്നെ ശ്രീശാന്ത് നിരീക്ഷണ വലയത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: