ട്രെയിനിനുള്ളില്‍ 100 ശതമാനം സ്ത്രീസുരക്ഷാ ഇപ്പോഴും ഉറപ്പ് വരുത്തിയിട്ടുണ്ടോ? ട്രെയിനുകളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് എത്തേണ്ട സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിച്ചേരാന്‍ കഴിയുന്നുണ്ടോ? കാമരാക്ഷസന്മാരുടെ കൈകളില്‍ സ്ത്രീകള്‍ അകപ്പെട്ടാല്‍ എന്താകും അവസ്ഥ? -എന്ന് പറയേണ്ടതില്ലല്ലോ?
ട്രെയിനിനുള്ളില്‍ ഇപ്പോഴും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയിട്ടില്ലെന്ന് വേണം കരുതാന്‍. പെണ്മക്കളെ വിശ്വസിച്ച് ട്രെയിനില്‍ കയറ്റി വിടുമ്പോള്‍ തന്റെ മകള്‍ കുഴപ്പമൊന്നുമില്ലാതെ എത്തേണ്ട സ്ഥലത്ത് എത്തണമെന്നാണ് രക്ഷിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത്.
മിക്കട്രെയിനുകളിലും ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ വണ്ടിയുടെ അവസാന ഭാഗത്താണ്. അത് സുരക്ഷിതമാണോ? ചിന്തിക്കണം. ബസ്സിനേക്കാളും എന്ത് കൊണ്ടും സുരക്ഷിതമാണ് ട്രെയിനെന്നാണ് സ്ത്രീകള്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ സത്യം മറിച്ചാണ്. ബസ്സാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമെന്നു തോന്നുന്നു. ട്രെയിനിനുള്ളില്‍ ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ 100 ശതമാനവും സുരക്ഷിതമാണെന്ന് വിശ്വസിച്ച് കയറുന്ന പല സ്ത്രീകള്‍ക്കും ദുരിതം നിറഞ്ഞ അനുഭവങ്ങളാണ് ഉണ്ടാകുന്നത്.
ട്രെയിന്‍ പുരുഷന്മാര്ക്ക് കിട്ടിയ സ്ത്രീധനസ്വത്തെന്ന രീതിയിലാണ് ചില പുരുഷന്മാരുടെ പെരുമാറ്റം തോന്നിപ്പിക്കുക. അടുത്തിടെ രസിപ്പിക്കുന്നൊരു കാഴ്ച്ച കണ്ടു. ലേഡീസ് കംപാര്‍ട്ട്മെന്റ് തെറ്റി മാറി കയറിയെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ച ഒരു ജന്റില്മാനു പണികിട്ടിയെന്നതാണ് വാസ്തവം. മദ്യപിച്ച് ലേഡീസ് കംപാര്‍ട്ട്മെന്റില്‍ കയറിയ അയാളെ കുറെ കഴിഞ്ഞ് പോലീസുകാര്‍ ചേര്‍ന്ന് തൂക്കി കൊണ്ട് പോവുകയായിരുന്നു. വേണാട് എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ്, പരശുറാം, കേരള എക്സ്പ്രസ്സ് ഇങ്ങനെ എല്ലാ ട്രെയിനുകളിലും ജന്റില്മാന്മാരായ ഇത്തരക്കാരെ കാണാം.
ട്രെയിനുകളില്‍ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്താല്‍ സുരക്ഷിതമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, പൂവാലമാരുടെ ശല്യമില്ലാതെ സുരക്ഷിതമായി പോകാമല്ലോ. എന്നാല്‍ ഇന്ന് ലേഡീസ് കംപാര്‍ട്ട്മെന്റില്‍ പുരുഷന്മാര്ക്കും പ്രവേശനമായിത്തുടങ്ങി;ചിലര്‍ അറിഞ്ഞുകൊണ്ട് ‘തെറ്റി’ക്കയറുന്നു. ചിലര്‍ ആരും ചോദിക്കാനില്ലെന്ന ഭാവത്തില്‍. ചിലരാകട്ടെ ആരെങ്കിലും ചോദിച്ചാലല്ലേ അപ്പോള്‍ നോക്കാം എന്ന ഭാവത്തില്‍. എന്തായാലും ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ സ്ത്രീകള്‍ക്ക് ദുഃസ്വപ്നമായ അനുഭവമായി മാറികഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.
ട്രെയിനുകളില്‍ സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയാണ് വനിത പോലീസുകാരെ നിയമിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ വനിതാ പോലീസിന്റെ പൊടി പോലുമുണ്ടാകില്ല. ആര്‍പിഎഫിന്റെ സേവനം ഏതു സമയത്തുമെന്ന് പരസ്യങ്ങള്‍ വ്യാപകമാണ്, പക്ഷേ സ്റ്റേഷനുകളിലേക്ക് സേവനം ചുരുങ്ങുന്നു.
ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഇനിയും പലതും ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ട് വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ വനിതാ ആര്‍പിഎഫുകാരെ പൂര്‍ണ സമയം നിയോഗിച്ചുകൂടാ? അടിക്കടി പല കാരണങ്ങള്‍ പറഞ്ഞു ചാര്‍ജ്ജു കൂട്ടുന്നത് ഇതിനുകൂടി ഉപകരിക്കട്ടെ. കമ്പാര്‍ട്ടുമെന്റുകളില്‍ പ്രത്യേക സുരക്ഷാ അലര്‍ട്ട് സംവിധാനം ഉണ്ടാക്കിക്കൂടേ? അനിഷ്ടങ്ങള്‍ അപ്രതീക്ഷിതമായുണ്ടാകുകയും അവ വന്‍ ദുരന്തങ്ങളാകുകയും ചെയ്യുമ്പോള്‍ മാത്രം പരിഹാരത്തെക്കുറിച്ച് ആലോചിച്ചിട്ടു കാര്യമുണ്ടോ?
രശ്മി. എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: