ഒരു കണക്കിന് പൊക്കമുള്ളത് തന്നെയാ നല്ലത്. ഒന്നുമില്ലെങ്കിലും പത്ത് പേരുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കാമല്ലോ! അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. വാക്കുകള്‍ ആരുടേതാണെന്നല്ലേ…. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വനിത കവിതയുടേതാണ്. ആറടി രണ്ടിഞ്ചാണ് കവിതയുടെ ഉയരം. ഉയരം കൂടിയവരുടെ സംഘടനയില്‍ അംഗത്വം എടുക്കുന്നതുവരെ താനത്ര പ്രശസ്തയൊന്നുമായിരുന്നില്ലെന്ന് കവിത പറയുന്നു. സംഘടനയുടെ സമ്മേളനവും അംഗത്വയോഗവും കോട്ടയത്തുവെച്ച് നടക്കുന്നുവെന്ന പത്ര വാര്‍ത്തയാണ് തന്നെ എല്ലാവരും തിരിച്ചറിയാന്‍ ഇടയാക്കിയതെന്നും കവിത ഓര്‍മിക്കുന്നു. ഉയരമുള്ളവരുടെ ചിത്രം പത്രത്തില്‍ വന്നുകണ്ടപ്പോള്‍ വലിയ അഭിമാനം തോന്നി, അങ്ങനെയാണ് സംഘടനയില്‍ അംഗത്വം എടുത്തത്. അന്ന് 60 പേരുണ്ടായിരുന്ന സംഘടനയില്‍ ഇന്ന് 1000 പേരാണുള്ളത്.
അഭിഭാഷക കൂടിയായ കവിതക്ക് തന്നേക്കാള്‍ ഉപരി സംഘടനയെക്കുറിച്ച് പറയുന്നതിനാണ് താല്‍പ്പര്യം. സംഘടന ചെയ്യുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അതിന് പിന്നില്‍. സജീവമായി സംഘടനയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കുടുംബവും, ജോലിയും മറ്റ് ഉത്തരവാദിത്വങ്ങളും അതിന് വിലങ്ങുതടിയാവുന്നുണ്ടെന്നാണ് കവിതയുടെ പരാതി. സംഘടനയിലൂടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതും കവിതയുടെ ആഗ്രഹങ്ങളിലൊന്നാണ്. പക്ഷെ തന്നെപ്പോലെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരാന്‍ ആരും മെനക്കെടുന്നില്ല. പൊതു സമൂഹത്തിന്റെ ചില പ്രതികരണങ്ങള്‍ തന്നെയാണ് പലരേയും പിന്തിരിപ്പിക്കുന്നത്. അംഗത്വമെടുക്കണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിക്കാറുണ്ട്, എന്നാല്‍ പിന്നീടവരെ മഷിയിട്ടാല്‍പോലും കണ്ടുപിടിക്കാന്‍ കഴിയില്ല. ആദ്യമൊക്കെ പലരില്‍ നിന്നും മോശം സമീപനമാണ് തനിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പ്രതികരണശേഷികൊണ്ടേ ഇവരുടെ വായടപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന തിരിച്ചറിവ് ഒരു ഡോക്ടറില്‍ നിന്നും ലഭിച്ചു. കമന്റടിക്കുന്നവര്‍ ആരായാലും ഉചിതമായ മറുപടി നല്‍കണമെന്ന ഡോക്ടറിന്റെ ഉപദേശം പരീക്ഷിച്ചു തുടങ്ങി. അതോടെ കമന്റടിയും നിന്നു.
സത്യസായി സേവാ സമിതിയുടെ സജീവ പ്രവര്‍ത്തകയാണ് കവിത. ഒന്നിനും സമയം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഈ ഉയരക്കാരിക്ക്. സംഘടന ചെയ്യുന്നത് മുഴുവന്‍സമയ സേവന പ്രവര്‍ത്തനമാണ്. അത് ആശാവഹമാണ്. ജോലി ഉണ്ടായിരുന്നവര്‍ പോലും സംഘടനിയില്‍ വന്നതിനുശേഷം രാജിവെച്ചു. സംഘടനയലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായതുകൊണ്ടാണ് അവര്‍ മറ്റ് ജോലിക്കുപോകാന്‍ തയ്യാറാവാത്തതെന്നാണ് കവിതയുടെ അവകാശവാദം. തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉയരക്കാരായ കുറച്ചു വനിതകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി താന്‍ മുന്നിട്ടിറങ്ങിയേനേയെന്നും കവിത പറഞ്ഞു. നാട്ടില്‍ അല്‍പ്പസ്വല്‍പ്പം പൊതുപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സംഘടനയില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അതിന്റെ സംതൃപ്തി മറ്റൊന്നാണ്. ക്രിമിനല്‍ മനോഭാവമില്ലാത്തവരാണ് തന്റെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് നിസ്സംശയം പറയാം. ക്രിമിനല്‍ കേസുകളും കുടുംബ കേസുകളും മോട്ടാര്‍ വാഹന കേസുകളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് സംഘടനയെക്കുറിച്ച് കവിതക്ക് ഇത്തരമൊരു ഉറച്ച വിശ്വാസം.
അഭിഭാഷകവൃത്തിക്കും പൊതു പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ വിനോദവേളയില്‍ മൃദംഗവായനയും കവിതയില്‍ വിരിയുന്നുണ്ട്. 2008ല്‍ വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഇതിലൊന്നും പക്ഷേ തന്റെ വലുപ്പം കാണിക്കാന്‍ ഈ പൊക്കക്കാരിക്ക് താല്‍പ്പര്യമില്ല. സംഘടനയെപ്പറ്റി വാതോരാതെ പറഞ്ഞ കവിത ഇടയ്ക്ക് ചില സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. കുടുംബബന്ധങ്ങള്‍ സുദൃഢമല്ലെന്ന് കവിത ചൂണ്ടിക്കാട്ടി. കുടുംബകോടതിയില്‍ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കവിത പറഞ്ഞു. അവിഹിത ബന്ധങ്ങളും, സാമ്പത്തിക ചുറ്റുപാടുകളും, അഹംഭാവവുമൊക്കെയാണ് കുടുംബപ്രശ്നങ്ങള്ക്കൊക്കെയും കാരണമെന്നും കവിത പറയുന്നു.
പൊതു പ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് കവിത ഇടയ്ക്കിടക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷെ മകന് ഒരു വയസ്സുകാരന് ആതിലിന് ഇപ്പോള്‍ നല്‍കേണ്ട വാത്സല്യം നഷ്ടപ്പെട്ടാലോ എന്ന ഭയവും കവിതക്കുണ്ട്. ഭര്‍ത്താവ് സുധീര്‍ അബുദാബിയിലാണ്. സംസ്ഥാന നിയമവകുപ്പിന്റെ കീഴില്‍ നടന്നു വരുന്ന സഞ്ചരിക്കുന്ന ലോക അദാലത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ കവിത.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: