മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കറുത്തപൊട്ടുകള്‍ തീര്‍ത്ത ഒത്തുകളി വിവാദങ്ങളുടെ തുടക്കം തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഒളിഞ്ഞും തെളിഞ്ഞും ക്രിക്കറ്റ് കേന്ദ്രീകരിച്ചു ചൂതാട്ടം നിലനിന്നിരുന്നെങ്കിലും മത്സരാധിക്യമേറിയ ആധുനിക ലോകത്തായിരുന്നു ഒത്തുകളി വാര്‍ത്തകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചത്. വിജയങ്ങളുടെ ഉറ്റതോഴനായ ദക്ഷിണാഫ്രിക്കന്‍ നായകന് ഹന്‍സി ക്രോണ്യെയും ഫീല്‍ഡില്‍ ചടുലതയുടെയും ഊര്‍ജസ്വലതയുടെയും പര്യായങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയുമൊക്കെ വാതുവയ്പ്പുകാരുടെ വലയില്‍ വീണെന്ന വാര്‍ത്തകള്‍ ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. വിഗ്രഹങ്ങള്‍ ഉടഞ്ഞു തുടങ്ങുകയായിരുന്നു അന്നുമുതല്‍. ധനാഠ്യതയുടെ വര്‍ണകുപ്പായങ്ങള്‍ അണിഞ്ഞ ക്രിക്കറ്റ് ലോകത്തിന്റെ ദുഷിച്ച മുഖമായിരുന്നു ഓരോ ഒത്തുകളിവാര്ത്തകളിലും തെളിഞ്ഞു നിന്നത്.
വര്‍ണവിവേചനത്തിന്റെ ദുഷ്പേരുകളെ വകഞ്ഞുമാറ്റി ക്രിക്കറ്റിലേക്ക് കടന്നുവന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഉയരങ്ങളിലേക്കു നയിച്ചവനായിരുന്നു ക്രോണ്യെ. പക്ഷേ, 2000 ഇന്ത്യന്‍ പര്യടനത്തിനിടെ ചില മത്സരങ്ങള്‍ തോല്ക്കാന് ക്രോണ്യെ വാതുവെയ്പ്പുകാരില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ദല്‍ഹി പോലീസിന്റെ കണ്ടെത്തല്‍ അവിശ്വസനീയമായിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു തങ്ങളുടെ കളിക്കാരെ കൈമാറാന്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം തയാറായില്ല. എന്നാല്‍ അവിടെ നടത്തിയ അന്വേഷണത്തില്‍ ക്രോണ്യെ കുറ്റക്കാരനാണെന്നു വ്യക്തമായി. ക്രോണ്യെ അതു സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് താരത്തെ ആജീവനാന്തം വിലക്കി. പാക്കിസ്ഥാന് ബാറ്റ്സ്മാന് സലിം മാലിക്ക്, ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദിന്, ഭാവിയിലെ ഇന്ത്യന്‍ ക്യാപ്ടനെന്ന് വിശേഷിക്കപ്പെട്ടിരുന്ന അജയ് ജഡേജ എന്നിവരുടെ പേരുകളും ഒത്തുകളിയുമായി ബന്ധപ്പെട്ടു ക്രോണ്യെ വെളിപ്പെടുത്തി. മാലിക്കിനെയും അസറിനെയും കളിയുടെ എല്ലാ തലങ്ങളില്‍ നിന്നും ആജീവനാന്തം വിലക്കി. ജഡേജയെ നാലുവര്‍ഷത്തെ വിലക്കിനുംശിക്ഷിച്ചു. അസറിനെ അടുത്തിടെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ജഡേജ ഇപ്പോള്‍ ടിവി കമന്ററേറ്റുടെ റോളില്‍ രംഗത്തുണ്ട്. എന്നാല്‍ ക്രോണ്യെ 2002ലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.
പിച്ചിന് സംബന്ധിച്ച വിവരങ്ങള്‍ വാതുവയ്പ്പുകാരന് നല്‍കിയെന്ന ആരോപണം ഓസ്ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിനെയും ബാറ്റിങ് ജീനിയസ് മാര്‍ക്ക് വോയെയും സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. എന്നാല്‍ ആരോപണത്തെപ്പറ്റി അന്വേഷിച്ച റോബ് ഒ റീഗന് കമ്മിഷന് വോണിനെയും വോയെയും വെറുതെവിട്ടു. 2010ല്‍ ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ട്- പാക്കിസ്ഥാന് നാലാം ടെസ്റ്റിനിടെ നോബോളുകള്‍ എറിയാന്‍ കോഴവാങ്ങിയ പാക് താരങ്ങളായ സല്മാന് ബട്ടിനെയും മുഹമ്മദ് ആസിഫിനെയും മുഹമ്മദ് ആമിറിനെയും ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ ഒളിക്യാമറ ഓപ്പറേഷന് കുടുക്കി. ബട്ടിനെ പത്തുവര്ഷത്തേക്കും ആമിറിനെ അഞ്ചുവര്‍ഷത്തേക്കും ആസിഫിനെ ഏഴു വര്‍ഷത്തേക്കും വിലക്കി. ബട്ടിന്റെയും ആസിഫിന്റെയും ശിക്ഷകളില്‍ യഥാക്രമം അഞ്ച്, രണ്ട് വര്‍ഷം വീതം പിന്നീട് ഇളവുവരുത്തി. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടെ ഏകദേശം 22 കളിക്കാരെ ഒത്തുകളിയുടെ പേരില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ശിക്ഷിച്ചുകഴിഞ്ഞു. ഹെര്‍ഷല്‍ ഗിബ്സ് (ദക്ഷിണാഫ്രിക്ക), അതാവുര്‍ റഹ്മാന് പാക്കിസ്ഥാന്, മനോജ് പ്രഭാകര്‍, അജയ് ശര്‍മ, ഡാനേഷ് കനേരിയ (പാക്കിസ്ഥാന്, മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റിന്‍ഡീസ്), മൗറിസ് ഒഡുംബെ (കെനിയ) എന്നീ പ്രമുഖര്‍ അതില്‍ ഉള്‍പ്പെടുന്നു. ആദ്യകാലത്ത് ഐസിസി ഒത്തുകളി സംബന്ധിച്ച വെളിപ്പെടുത്തലുകളെ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ 2000 അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റിന് രൂപം നല്കുകയുണ്ടായി. അതിനുശേഷം ക്രിക്കറ്റിലെ മോശം പ്രവണതകള്‍ കുറഞ്ഞതായാണ് ഐസിസിയുടെ വാദം. എന്നാല്‍ ഐപിഎല്ലിലെ ഇപ്പോഴത്തെ ഒത്തുകളി കളിയെ വീണ്ടും കളങ്കപ്പെടുത്തിയിരിക്കുന്നു.
ലഹരി മരുന്നു പാര്‍ട്ടിക്കുപോയ പൂനെ വാരിയേഴ്സ് താരങ്ങളായ രാഹുല്‍ ശര്‍മയും വെയ്ന്‍ പാര്‍നലും ട്വന്റി20യുടെ ഗ്ലാമര്‍ ടൂര്‍ണമെന്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത നേരത്തെതന്നെ കാട്ടിത്തന്നു.
ഐപിഎല്ലില്‍ ഒത്തുകളിസാധ്യതകള് ഏറെയാണെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. അതു മുന്‍കൂട്ടികണ്ട് ബിസിസിഐ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ താരങ്ങള്‍ വാതുവയ്പ്പുകാരുടെ വലയില്‍ വീഴുന്നത് ഒരു പരിധിവരെ തടയാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: