ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശത്തില്‍ ഇപ്പോഴും കുറവ് വന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ 2013 ആദ്യപാദത്തില്‍ ഇറക്കുമതി ചെയ്തത് 256.5 ടണ്‍ സ്വര്‍ണമാണ്. 27 ശതമാനമാണ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 202.1 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. വേള്‍ഡ് ഗോള്‍ഡ് കൗണ്സിലാന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആഭരണമെന്ന നിലയ്ക്കും നിക്ഷേപമെന്ന നിലയ്ക്കും സ്വര്‍ണത്തോടുള്ള ഡിമാന്റ് ശക്തമായി നിലനില്‍ക്കുകയാണ്. അടുത്തിടെ സ്വര്‍ണ വിലയിലുണ്ടായ ചാഞ്ചാട്ടം സ്വര്‍ണം വാങ്ങുന്നതിനുള്ള ആഗ്രഹം ശക്തമാക്കിയാതായും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ എംഡി സോമസുന്ദരം പറയുന്നു.
തലമുറയ്ക്ക് വേണ്ടി കരുതിവെയ്ക്കാവുന്ന സ്വത്തായിട്ടാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹ, ഉത്സവ സീസണ് ആയതിനാല്‍ സ്വര്‍ണത്തോടുള്ള ഡിമാന്റ് ശക്തമായി നിലനില്‍ക്കുമെന്നും സോമസുന്ദരം പറഞ്ഞു.
ജനുവരി- മാര്‍ച്ച് കാലയളവില്‍ ഡിമാന്റ് 32 ശതമാനം ഉയര്‍ന്ന് 72,899.4 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55,148.7 കോടി രൂപയായിരുന്നു. സ്വര്‍ണാഭരണങ്ങളോടുള്ള ഡിമാന്റ് 15 ശതമാനം ഉയര്‍ന്ന് 159.5 ടണ്ണിലെത്തി. തൊട്ടുമുന്നത്തെ വര്‍ഷം ഇത് 138.3 ടണ്ണായിരുന്നു. സ്വര്ണത്തിന്മേലുള്ള നിക്ഷേപം 52 ശതമാനം ഉയര്‍ന്ന് 97 ടണ്ണിലെത്തി.
2013 ആദ്യ പാദത്തില്‍ സ്വര്‍ണത്തോടുള്ള ആഗോള ഡിമാന്റില്‍ 13 ശതമാനം ഇടിഞ്ഞ് 963 ടണ്ണിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: