ടോക്കിയോ: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ കമ്പനിയെന്ന ബഹുമതി ടൊയോട്ടയ്ക്ക് സ്വന്തം. ദക്ഷിണ കൊറിയയുടെ സാംസങ് ഇലക്ട്രോണിക്സിനെയാണ് ഇക്കാര്യത്തില്‍ ടൊയോട്ട മറികടന്നത്. ജപ്പാന് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ഓഹരിവില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി.
ടൊയോട്ടയുടെ വിപണി മൂലധനം 214 ബില്യണ്‍ ഡോളറായിട്ടാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. ഗ്യാലക്സി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്സിന്റെ വിപണി മൂല്യം 20.26 ട്രില്യണ്‍ യെന്‍ ആയിരുന്നു. ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായാണ് ടൊയോട്ട അറിയപ്പെടുന്നത്. കൊറോളയുടേയും കാര്മിയുടേയും നിര്‍മാതാക്കളായ ടൊയോട്ട കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് നേടിയത്.
2011 ലാണ് സാംസങ് ടൊയോട്ടയെ മറികടന്ന് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തിയത്. സാംസങിന്റെ പ്രധാന എതിരാളിയായ യുഎസിന്റെ ആപ്പിളുമായുള്ള മത്സരത്തില്‍ വന്‍ ലാഭമാണ് സാംസങ് നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: