ബീജിംഗ്: ഏഷ്യയെ ലോക സമ്പദ് വ്യവസ്ഥയുടെ പ്രഭവമാക്കാന് ഇന്‍ഡ്യയും ചൈനയും കൈകോര്ക്കേണ്ടതുണ്ടെന്ന് ചൈനാ ഭരണത്തലവന് ലീ കെഖ്യാങ് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യാ സന്ദര്‍ശനത്തിനു മുമ്പുള്ള ഈ പ്രസ്താവനക്ക് പ്രാധാന്യം ഏറെയാണ്. മെയ് 19-ന് അദ്ദേഹം ദല്‍ഹിയിലെത്തും.
ചൈനാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ആസ്ഥാനമായ ഇംപീരിയല്‍ ഗാര്‍ഡനില്‍ നൂറോളം ഇന്‍ഡ്യന്‍ യുവാക്കളുമായി കൂടിക്കാഴ്ച നടത്തവേ യുവാവായിരിക്കെ 27 വര്‍ഷം മുമ്പ് താന്‍ ഇന്‍ഡ്യ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു.
” ലോകത്തെമ്പാടും ജനങ്ങള്‍ കരുതുന്നത് 21-ാം നൂറ്റാണ്ടില്‍ ഏഷ്യാ പസഫിക്, പ്രത്യേകിച്ച് ഏഷ്യ ആഗോള സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ സുപ്രധാന ശക്തിയാകുമെന്നും ഏഷ്യ ലോക സാമ്പത്തിക ശക്തിയുടെ പ്രഭവമാകുമെന്നാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ചൈനയും ഇന്‍ഡ്യയും കൈകോര്‍ത്തു മുന്നേറുകയും പരസ്പര വിനിമയങ്ങളിലൂടെ അവസരത്തിനൊത്ത് ഉയരുകയും ചെയ്യണം,” ലീ കെഖ്യാങ് പറഞ്ഞു.
എന്നാല്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ അഭിപ്രായ ഭിന്നതകളെയും തര്‍ക്കങ്ങളേയും കുറിച്ച് എന്തെങ്കിലും പരാമര്‍ശിക്കാന്‍ ലീ തയ്യാറായില്ല.
”ഇരു രാജ്യങ്ങളും അവരവരുടെ വിശാലമായ വിപണിയെ ഒരുമിപ്പിച്ചു നിര്‍ത്തിയാല്‍ രണ്ടു ജനതകള്‍ക്കും അതു ഗുണകരമാകും. ഒപ്പം ലോകസാമ്പത്തിക വളര്‍ച്ചയ്ക്കും ക്ഷേമത്തിനും സഹായകമാവുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
രണ്ടരപ്പതിറ്റാണ്ടിനു മുമ്പുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് അനുസ്മരിക്കവേ, അന്നു താന്‍ താജ്മഹലും ഇന്‍ഡ്യയിലെ സുപ്രധാന യൂണിവേഴ്സിറ്റികളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും ഇന്‍ഡ്യക്കാരുടെ ആതിഥ്യ മര്യാദകള്‍ അനുഭവിക്കുകയും ചെയ്തുവെന്ന് പറഞ്ഞു.
”ചൈനയുടെ ഭരണത്തലവനെന്ന നിലയില്‍ എന്റെ ആദ്യ അന്യരാജ്യ സന്ദര്‍ശനം ഇന്‍ഡ്യയിലാണ്.
അത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. അയല്‍ രാജ്യമായതുകൊണ്ടും ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നായതുകൊണ്ടും മാത്രമല്ല, എന്റെ ചെറുപ്പകാലത്ത് വിതച്ച സൗഹാര്‍ദ്ദത്തിന്റെ വിത്തുകള്‍ ആ മണ്ണിലുള്ളതുകൊണ്ടും കൂടിയാണെന്ന് ലീ പറഞ്ഞു.
”ചൈനയും ഇന്‍ഡ്യയും സൗഹാര്‍ദ്ദമുള്ള അയല്‍ക്കാരാണ്. സ്വാഭാവിക മിത്രങ്ങളും. ഏകധ്രുവ ലോകത്തിനു വേണ്ടിയും സമാധാന കാംക്ഷികളായ അയല്‍പക്കത്തിനു വേണ്ടിയും രണ്ടു രാജ്യങ്ങള്‍ക്കും ഒന്നിച്ചു നില്ക്കാവുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം ഏഷ്യക്കു മാത്രമല്ല, മുഴുവന്‍ ലോകത്തിനും നേട്ടമുണ്ടാക്കും,” അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം ന്യൂദല്‍ഹിയിലും മുംബൈയിലും യാത്ര നടത്തും. അതിനു ശേഷം പാക്കിസ്ഥാന്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലും പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: