കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥരായ മുഹമ്മദ് യാസിന്, വിജയ് സാഖറെ എന്നിവരുള്‍പ്പെടെ 17 പേരെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി സിബിഐ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തൃപ്തികരമല്ലെന്നു വ്യക്തമാക്കി മടക്കിനല്കിക്കൊണ്ടാണ് തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടത്.
പുത്തൂര്‍ ഷീല വധക്കേസില്‍ പിടിയിലായ സമ്പത്തിനെ മലമ്പുഴയിലെ റിവര്‍സൈഡ് കോട്ടേജില്ക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ അന്നത്തെ പാലക്കാട് എസ്പി വിജയ് സാഖറെ, തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന മുഹമ്മദ് യാസിന് എന്നിവരെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാണ് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനെ ചോദ്യം ചെയ്തു സമ്പത്തിന്റെ സഹോദരന് മുരുകേശന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇ.സി. ഹരിഗോവിന്ദന് തുടരന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അവിശ്വസനീയവും അപൂര്ണവുമാണെന്നു നിരീക്ഷിച്ച കുറ്റവാളി എത്ര ഉന്നതനായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഈ കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ടു ഹൈക്കോടതി നടത്തിയ പരാമര്‍ശവും വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുത്തൂര്‍ ഷീല വധക്കേസില്‍ പ്രതിയായ സമ്പത്ത് 2010 മാര്‍ച്ച് 29 നാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 28 നു കോയമ്പത്തൂരില്‍ നിന്നു പിടയിലായ സമ്പത്തിനെ മലമ്പുഴയിലെ ഒരു കോട്ടേജില്‍ കൊണ്ടുവന്നു പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പ്രൊസിക്യൂഷന് കേസ്. നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പാലക്കാട് സൗത്ത് സ്റ്റേഷന് എസ്ഐ ടി.എന്‍. ഉണ്ണികൃഷ്ണന്, ടൗണ്‍ നോര്‍ത്ത് എസ്ഐ പി.വി. രമേഷ്, കോണ്‍സ്റ്റബിള്‍ ശ്യാമപ്രസാദ്, ഡിവൈഎസ്പി സി.കെ. രാമചന്ദ്രന്, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ വിപിന്‍ ദാസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാമചന്ദ്രന്, മാധവന്, ജോണ്സണ് ലോബോ, ഷില്ലന്‍, അബ്ദുള്‍ റഷീദ്, പ്രജിത്, അസി. കമ്മിഷ്ണര്‍ പുരുഷോത്തമന് പിള്ള, അബ്ദുള്‍ ഖയൂം, മുഹമ്മദ് ഷമീര്‍ തുടങ്ങിയവരുള്‍പ്പെട്ട 32 പേരെ പ്രതിചേര്‍ത്തു. പിന്നീടു കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ ഉദ്യോഗസ്ഥന് ഹരിദത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിജയ് സാഖറെയെ 15-ാം പ്രതിയും മുഹമ്മദ് യാസിനെ 16ാം പ്രതിയുമാക്കി. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് കോടതിയില്‍ നിന്ന് വാങ്ങിയ ശേഷം ഹരിദത്ത് ഇത് കോടതിയില്‍ തിരിച്ചേല്പിച്ചു. പിന്നീടു ഹരിദത്ത് ആത്മഹത്യ ചെയ്തു.
തുടര്‍ന്നു വന്ന അന്വേഷണ സംഘം കേസില്‍ ചിലരെ മാപ്പുസാക്ഷികളാക്കി. മുഹമ്മദ് യാസിന്, വിജയ് സാഖറെ എന്നിവരുള്‍പ്പെടെ 17 പേരെ ഒഴിവാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരായ മുഹമ്മദ് യാസിനെയും വിജയ് സാഖറെയും പ്രതിസ്ഥാനത്തു നിന്നൊഴിവാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്ക് അനുബന്ധ കുറ്റപത്രത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ഇവര്‍ അവസരോചിതമായി ഇടപെട്ടിരുന്നെങ്കില്‍ കസ്റ്റഡി മരണം ഒഴിവാക്കാനാവുമായിരുന്നു എന്ന കണ്ടെത്തലോടെയാണ് സിബിഐ ഇവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ കുറ്റപത്രമാണു കോടതി മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: