തൃശൂര്‍: കേരളത്തിലെ ഋഗ്വേദപഠനത്തിന്റെ പ്രധാനപാഠശാലയായ തൃശൂര്‍ ബ്രഹ്മസ്വംമഠത്തിനെ സര്‍ക്കാര്‍ അവഗണിക്കുന്നു. സംരക്ഷിക്കേണ്ട ഈ സാംസ്കാരിക കേന്ദ്രത്തിനു സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങുകയാണ്.
കേരളത്തിന്റെ, പ്രത്യേകിച്ച് സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ പൈതൃകസ്വത്തുക്കളിലൊന്നായ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിനു സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും കിട്ടിയിട്ടില്ല. ഈ വേദപാഠശാല സംരക്ഷിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റില്‍ 1.82 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഈ തുക മഠത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ഏഴ് വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 40ല്‍ പരം വിദ്യാര്‍ഥികള്‍ വേദം പഠിക്കുകയും വേദത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ബ്രഹ്മസ്വം മഠത്തിന്റെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. 500 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളും ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ നിലയിലാണ്. അമ്പത് വര്‍ഷത്തിലേറെയായി മേല്‍ക്കൂര ഇളക്കിമേഞ്ഞിട്ടെന്ന് മഠം സെക്രട്ടറി പാലിവട്ടം നാരായണന് നമ്പൂതിരി പറയുന്നു. പന്തികളും ഉത്തരങ്ങളും കഴുക്കോലുകളുമെല്ലാം ഏതുസമയത്തും ഒടിഞ്ഞുവീഴാവുന്ന നിലയിലാണ്. ശ്രീശങ്കരാചാര്യരുടെ ശിഷ്യന്മാരില് പ്രസിദ്ധനായ ഹസ്തമലകന്റെ പരമ്പരയില്‍പ്പെട്ടതാണ് വടക്കേമഠം ബ്രഹ്മസ്വം എന്ന ബ്രഹ്മസ്വം മഠം. ഋഗ്വേദത്തെകൂടാതെ യജുര്‍വേദവും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്. പത്തോളം അധ്യാപകരാണ് ഇവിടെയുള്ളത്. സാമവേദം പഠിപ്പിക്കുന്നതിന് ഇന്നിവിടെ അധ്യാപകരില്ല എന്നതാണ് സ്ഥിതി.
ജീര്‍ണാവസ്ഥയില്‍നിന്നും രക്ഷനേടുന്നതിന് ഇപ്പോഴത്തെ ധനമന്ത്രിയെയും മറ്റും സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് മഠം അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസംസ്ഥാന മന്ത്രിമാരും പ്രതിപക്ഷനേതാക്കളുമെല്ലാം തൃശൂരിലെത്തുമ്പോള്‍ പലപ്പോഴായി മഠത്തിലെത്താറുണ്ടെങ്കിലും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഇവരുടെ ഭാഗത്തുനിന്നും യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. ഉദാരമതികളും വേദത്തെ ബഹുമാനിക്കുന്ന ചില സ്ഥാപനങ്ങളും നല്കുന്ന സംഭാവനയാണ് ഈ വേദശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള വരുമാനം. തൃശൂര്‍ യോഗത്തിലെ 410 നമ്പൂതിരി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രസ്റ്റാണ് ഭരണം നടത്തുന്നത്. ചങ്ങാലിയോട് വാദ്വാന് മലയില്‍ നിന്നാണ് അധ്യക്ഷന്‍. മലയാളത്തിന് ഈ മഹത്തായ സ്ഥാപനം നല്കിയ സംഭാവനകള്‍ ചെറുതല്ല. ഋഗ്വേദത്തിന് തനതായ ആലാപനശൈലി പടുത്തുയര്‍ത്തിയ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കേന്ദ്രമാണിത്. പക്ഷേ, ഈ സാംസ്കാരിക കേന്ദ്രത്തോടുള്ള അവഗണന വലുതാണ്.
പാലേലിമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: