തൃശൂര്‍: അവകാശികളുടെ സ്രഷ്ടാവിന് അവകാശികളില്ല, ആരാധകരുമില്ല. അതുകൊണ്ടുതന്നെ ഇന്നലെ വിലാസിനി എന്ന എഴുത്തുകാരന്റെ ചരമ ദിനം ആരുമറിയാതെ കടന്നു പോയി. മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരന് നോവലിസ്റ്റ് വിലാസിനിയോടായിരുന്നു സാഹിത്യ ലോകത്തിന്റെ കടുത്ത അവഗണന. ഏറ്റവും ബൃഹത്തായ നോവല്‍ അവകാശികളുടെ സ്രഷ്ടാവായ, വയലാര്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച, വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എം.കെ.മേനോനെ ജന്മനാട് മറക്കുകയായിരുന്നു.
കേരളത്തിലെ സാഹിത്യലോകത്ത് അറിയപ്പെടുന്ന പ്രതിഭയായിരുന്ന വിലാസിനിയെ പക്ഷെ സ്വന്തം തട്ടകക്കാര്‍ സ്മരിക്കുകപോലും ചെയ്തില്ല. വടക്കാഞ്ചേരി കരുമത്ര ഗ്രാമത്തില്‍ ജനിച്ച എം.കെ.മേനോന് എന്ന കുട്ടികൃഷ്ണമേനോന് തന്റെ എഴുത്തിന്റെ ആരംഭം കുറിച്ചത് കരുമത്രയില്‍ നിന്നുതന്നെയാണ്. ഇന്നലെ അദ്ദേഹത്തിന്റെ 20-ാം ചരമവാര്‍ഷികദിനമായിരുന്നു പക്ഷെ പിറന്ന നാട്ടില്‍ അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒരു ചടങ്ങുപോലും സംഘടിപ്പിച്ചിരുന്നില്ല. പുതുതലമുറക്ക് അദ്ദേഹത്തിന്റെ സംഭാവനകളെ പകര്‍ന്നുകൊടുക്കാനുള്ള യാതൊരു ശ്രമങ്ങളും ഏതെങ്കിലും സാഹിത്യ സ്ഥാപനത്തില്‍നിന്നോ സാഹിത്യ പ്രവര്ത്തകനില്നിന്നോ ഉണ്ടായിട്ടില്ല.
1928 ജൂണ്‍ 23ന് കുറുപ്പത്ത് രാമന് മേനോന്റെയും മൂര്‍ക്കനാട്ട് കൊച്ചുനാരായണി അമ്മയുടേയും മകനായിട്ടായിരുന്നു എം.കെ.മേനോന് എന്ന വിലാസിനി ജനിച്ചത്. വടക്കാഞ്ചേരി സര്‍ക്കാര്‍ ഹൈസ്കൂള്‍, തൃശൂര്‍ സെന്ത്തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1947ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയിരുന്നു. പിന്നീട് പുതുക്കാട്, ചാലക്കുടി, പരിയാരം എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. എന്നാല്‍ രാഷ്ട്രീയക്കാരനാണെന്നുപറഞ്ഞ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെ 1949ല്‍ അദ്ദേഹം നാടുവിടുകയായിരുന്നു. തുടര്‍ന്ന് ബോംബെയില്‍ സര്‍ക്കാര്‍ ഓഫീസില്‍ ഗുമസ്തനായി ജോലി ചെയ്തു. 1953 സിങ്കപ്പൂരിലേക്ക് യാത്രയായ അദ്ദേഹം അവിടെ ഒരു സിനിമാക്കമ്പനിയില്‍ ക്ലര്‍ക്കായിട്ടായിരുന്നു ജീവിച്ചത്. അക്കാലത്ത് ഇന്ത്യന്‍ മൂവീസ് ന്യൂസ് എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനങ്ങള്‍ എഴുതി. അന്നാണ് വിലാസിനി എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പിന്നീട് 10 കൊല്ലത്തോളം അന്താരാഷ്ട്ര വാര്‍ത്താസ്ഥാപനമായ ഏജന്റ്സ് ഫ്രാന്‍സ് പ്രസ്സില്‍ ഡയറക്ടറായി. അന്ന് ആ ഫ്രഞ്ച്സ്ഥാപനത്തില് ഫ്രഞ്ചുകാരനല്ലാത്ത ആദ്യ ഡയറക്ടര്‍ കൂടിയായിരുന്നു എം.കെ.മേനോന്.
1977ലാണ് അദ്ദേഹം പിന്നീട് കേരളത്തിലേക്ക് മടങ്ങിയത്. തുടര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക ലോകത്തെ നിറസാന്നിദ്ധ്യമായി അദ്ദേഹം മാറി. 1981ലാണ് അദ്ദേഹത്തിന് വയലാര്‍ പുരസ്കാരം ലഭിക്കുന്നത്. സ്വ.ലേ എന്ന ജേണലിസത്തെക്കുറിച്ചും അദ്ദേഹം കൃതി എഴുതി. 1991 മെയ് 14നായിരുന്നു അദ്ദേഹം വിടപറഞ്ഞത്. സാഹിത്യ അക്കാദമിയും മറ്റും ചില വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ സ്മരണ പുതുക്കി ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും പിറന്ന നാട്ടില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പുതുതലമുറക്ക് എത്തിക്കുന്നതിനുവേണ്ട ചടങ്ങുകളൊന്നും സംഘടിപ്പിക്കാറില്ല.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: