ലാഹോര്‍: നവാസ് ഷെരീഫിന്റെ സര്‍ക്കാരില്‍ പങ്കാളിയാകാനില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക്-ഇ-ഇന്‍സാഫ് നേതാവുമായ ഇമ്രാന്ഖാന് വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം നേതാക്കള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തിനുശേഷം ചെയര്മാന് കൂടിയായ ഇമ്രാന്ഖാന് അറിയിച്ചു.
അതേസമയം ഖൈബര്‍ പഖ്തുങ്ക്വായില് മറ്റ് കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞതായി പാര്‍ട്ടി വക്താവായ നയീമുള്ള അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇമ്രാന്‍ഖാനെ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ച ശേഷമാണ് തീരുമാനങ്ങള്‍ പുറത്തുവിട്ടത്.
മറ്റ് പാര്‍ട്ടികളുമായി ഖൈബറില്‍ ചര്‍ച്ച നടത്താന്‍ നാലംഗ കമ്മറ്റിയെയും നിയമിച്ചതായി അവര്‍ അറിയിച്ചു. ഖൈബറില്‍ ജമാഅത്ത് ഇസ്ലാമിയടക്കമുള്ള പാര്‍ട്ടികള്‍ ഇമ്രാനെ പിന്തുണക്കുമെന്നാണ് കരുതുന്നത്. മറ്റ് പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും നേതാക്കള്‍ ഇമ്രാന്‍ഖാനെ അറിയിച്ചിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയിലും പാര്‍ട്ടി പ്രതിപക്ഷ സ്ഥാനത്തിരിക്കുമെന്നും ഉയര്‍ന്ന വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി ദേശീയതലത്തില്‍ പാര്‍ട്ടി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: