പെരുമ്പാവൂര്‍: കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഗണകസമുദായത്തോടു ചെയ്തുകൊണ്ടിരിക്കുന്ന അവഗണനക്കെതിരെ 15 മുതല്‍ സംസ്ഥാന വ്യാപകമായി താലൂക്ക് തലത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി.കെ.ശശി, പ്രസിഡന്റ് പി.എസ്.പ്രഭാകരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനുമുന്നോടിയായി 15ന് രാവിലെ 10ന് കുന്നത്തുനാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. കഴിഞ്ഞ 8 വര്‍ഷക്കാലമായി ഗണക സമുദായത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരുകള്‍ ഈ സമുദായത്തെ ഇല്ലായ്മചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത് എന്നും ഇവര്‍ കുറ്റപ്പെടുത്തി.
78ല്‍പ്പരം പിന്നോക്ക സമുദായങ്ങള്‍ക്ക് 2ശതമാനം സംവരണം മാത്രമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്.
എന്നാല്‍ ഗണക സമുദായത്തിന് 5ശതമാനം സംവരണം നല്‍കണമെന്നും, ഈ സമുദായ അംഗങ്ങളെ ഒഇസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങളടക്കം 32 കാര്യങ്ങളാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇവയിലൊന്നുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഗണക സമുദായത്തിന്റെയും മറ്റ് പിന്നോക്ക സമുദായത്തിന്റെയും ഉന്നമനത്തിനായി ഓരോജില്ലാ ആസ്ഥാനങ്ങളിലും പിന്നോക്കക്ഷേമ ഡയറക്ടറേറ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. 15ന് രാവിലെ 10ന് പെരുമ്പാവൂര്‍ ഗവ.ആശുപത്രിപ്പടിയില്‍ നിന്നുമാണ് പ്രകടനം. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രഭാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ-താലൂക്ക് തല ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: