കൊച്ചി: മുടിവെട്ടാനും സൗന്ദര്യം കൂട്ടാനും സലൂണ്‍ മേഖലയില്‍ അന്താരാഷ്ട്ര ഭീമന്മാരെത്തുന്നു. സൗന്ദര്യ-കേശ വേഷവിധാനങ്ങളുടെ പുതിയ ശൈലിയും ഫാഷനുകളും ട്രെന്‍ഡുകളും തിരിച്ചറിഞ്ഞാണ് അന്താരാഷ്ട്ര ഭീമന്മാര് ഈ രംഗത്ത് ഇന്ത്യന്‍ വിപണിയിലേയ്ക്ക് വരുന്നത്.
പ്രതിവര്‍ഷം ആയിരങ്ങള്‍ ചെലവഴിക്കുന്ന സൗന്ദര്യകേശാലങ്കാര വിപണിയിലേക്കുള്ള വിദേശ കമ്പനികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം കേരളമായി മാറുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
മലയാളികള്‍ക്കിടയിലെ അമിതമായ സൗന്ദര്യ-കേശാലങ്കാര ഭ്രമം ഇതിനിടയാക്കുന്നതായി സലൂണ്‍ മേഖലയിലുള്ളവര്‍ സമ്മതിക്കുന്നുണ്ട്. പ്രതിവര്‍ഷം 6000 കോടിയിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വിപണിയുടെ ചുവടുപിടിച്ചും വിപണി വികസനം ലക്ഷ്യമിട്ടുമാണ് വിദേശ കമ്പനികള്‍ സലൂണ്‍ മേഖലയിലേയ്ക്ക് കടന്നെത്തുന്നത്.
വ്യക്തിഗത സൗന്ദര്യബോധത്തോടൊപ്പം കേശാലങ്കാരത്തില്‍ പുത്തന്‍ ശൈലികളും പരസ്യമാക്കിയാണ് വിദേശികളുടെ കടന്നുവരവ്.
സംസ്ഥാനത്ത് മധ്യകേരളത്തിലാണ് കേശാലങ്കാര ഭ്രമം ഏറെ വളര്‍ന്നുവരുന്നതെന്ന് ഫാഷന്‍-ബ്യൂട്ടീഷ്യന് രംഗത്തുള്ളവര്‍ പറയുന്നു. പ്രതിമാസം 2000 രൂപ വരെ കേശാലങ്കാര-സംരക്ഷണത്തിനായി മലയാളി ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.
തലമുടിയ്ക്ക് നിറം നല്കല് ചുരുട്ടല്, ഒടിവുകളില്ലാതാക്കല് എന്നിങ്ങനെ 18 ഓളം രീതികളാണ് ഇപ്പോള്‍ ‘സലൂണ്‍’ കേന്ദ്രത്തില്‍ നടക്കുന്നത്. മുടിവെട്ടലിനും മുഖം മിനുക്കുന്നതിനു(ഷേവിങ്ങ്)മായി സാധാരണ കേന്ദ്രങ്ങള്‍ ഈടാക്കുന്നത് 100-150 രൂപ വരെയാണ്.
മാറുന്ന സൗന്ദര്യ ഭ്രമത്തില്‍ മുടിവെട്ട് ഒഴിവാക്കി പുതിയ ശൈലികള്‍ സ്വീകരിക്കാനാണ് യുവാക്കള്‍ക്ക് താല്‍പ്പര്യമെന്ന് കൊച്ചിയിലെ ഒരു സലൂണ്‍ ഉടമസുരേഷ് പറയുന്നു. മാറിയ തരംഗത്തില്‍ പുതുതലമുറ സലൂണുകളെല്ലാം ഫാഷന്‍ വഴികളിലാണെന്ന് സുരേഷ് പറഞ്ഞു.
കൊച്ചിയില്‍ മാത്രം 150-ഓളം ബ്യൂട്ടീഷ്യന് സലൂണുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. അത്യാധുനിക സൗകര്യങ്ങളോടെ എയര്‍ കണ്ടീഷന്‍ സംവിധാനവുമായി പുതിയ ശൈലിയിലെ കട്ടിങ്ങുമായി പ്രവര്‍ത്തിക്കുന്ന സലൂണുകളുടെ പ്രതിമാസ വരുമാനം രണ്ടുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അഞ്ച് മുതല്‍ 12 പേര് വരെ ഒരേ സമയം മുടിവെട്ട്-കേശാലങ്കാര-സൗന്ദര്യ വര്‍ധക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. കാലിക-സിനിമാതാരങ്ങളുടെ കേശാലങ്കാര ശൈലികള്‍ക്കൊപ്പം കാട്ടില്‍ ജീവിക്കുന്നവരുടെ മുടിയുടെ മോഡലും ചിലര്‍ക്ക് പഥ്യമാണ്.
ലാക്മെ, എല്‍ ഒ റിയല്‍ പ്രൊഫഷണല്‍സ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലും തിരുവനന്തപുരത്തും സലൂണുകള്‍ തുടങ്ങുവാന്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ആദ്യഘട്ടമായി രണ്ടു നഗരങ്ങളിലാണ് ഇവരുടെ സലൂണ്‍ തുറക്കുക. പ്രതിമാസം ശരാശരി ആറ് കോടി രൂപവരെയാണ് സലൂണിലെ വരുമാന ലക്ഷ്യം.
സൗന്ദര്യവര്‍ധക-കേശാലങ്കാര പ്രവര്‍ത്തനങ്ങളുമായുള്ള സലൂണുകളില്‍ കുട്ടികള്‍, സ്ത്രീകള്‍, യുവതി-യുവാക്കള്‍ എന്നിവര്‍ക്കായി പ്രത്യേകം സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. മലയാളിയുടെ പഴയകാല ‘മുടിവെട്ട് കടകള്‍’ അന്താരാഷ്ട്ര ഭീമന്മാരുടെ വരവോടെ കേശാലങ്കാര സൗന്ദര്യവര്‍ധക കേന്ദ്രങ്ങളായ ‘ഇന്റര്‍നാഷണല്‍ സലൂണു’കളായി മാറും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: