ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തരെ സിപിഎമ്മില്‍നിന്നും പുറത്താക്കി. പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്, പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്, പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവരെ പുറത്താക്കാനുള്ള സംസ്ഥാനകമ്മറ്റി ശുപാര്‍ശ കേന്ദ്രകമ്മറ്റിയും പൊളിറ്റ്ബ്യൂറോയും അംഗീകരിക്കുകയായിരുന്നു.
പാര്‍ട്ടിക്കതീതനായി വളര്‍ന്ന വിഎസിന്റെ ചിറകരിഞ്ഞുമാറ്റിയ സമാധാനത്തിലാണ് പിണറായി വിഭാഗം ദല്‍ഹിയില്‍ നിന്നും മടങ്ങുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വിഎസിനെ മാറ്റണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്രകമ്മറ്റി പരിഗണിച്ചില്ല. ഇക്കാര്യം പിബി വീണ്ടും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് കേന്ദ്രകമ്മറ്റി അവസാനിച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിഎസ് ഉന്നയിച്ച പരാതികള്‍ പരിഗണിക്കാന്‍ പിബി അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്.
പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയെപ്പറ്റി വി.എസ്. അച്യുതാനന്ദനോ സ്റ്റാഫംഗങ്ങളോ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനമറിയാതെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന് പറഞ്ഞത്. പി.ബി,സി.സി യോഗങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ ഇന്ന് മൂന്ന് മണിക്ക് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനം നടത്തുന്നുണ്ട്. വി.എസിന്റെ വിശ്വസ്തര്‍ക്കെതിരായ പാര്‍ട്ടി നടപടിയേപ്പറ്റിയുള്ള പ്രഖ്യാപനം ഇതില്മാത്രമേ ഉണ്ടാകൂ.
പാര്‍ട്ടി തീരുമാനം വി.എസ് അംഗീകരിക്കുമോ എന്ന കാര്യമാണ് ഇനി അറിയാനിരിക്കുന്നത്. സ്റ്റാഫംഗങ്ങള്‍ക്കെതിരായ നടപടിക്കെതിരെ ശക്തമായ നിലപാടെടുത്ത വിഎസിനെ അനുനയിപ്പിക്കാനാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സര്‍ക്കാര്‍ തസ്തികകളായതിനാല്‍ പാര്‍ട്ടി പുറത്താക്കിയതിന്റെ പേരില്‍ ഇവരെ ഒഴിവാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചവര്‍ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായി തുടരുന്നത് പ്രയാസകരമാവും.
കോയമ്പത്തൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന സമിതി തയാറാക്കിയ ഇടക്കാല അവലോകന രേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയത് വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫുകളാണെന്നാണ് ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്. എന്നാല്‍ വി.എസ് പങ്കെടുക്കാത്ത സംസ്ഥാന കമ്മറ്റിയുടെ തീരുമാനങ്ങള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോരുന്നുണ്ടെന്ന വാദമുയര്‍ത്തി കേന്ദ്രനേതൃത്വത്തിന് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ കത്തയച്ചെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല.
പൊളിറ്റ് ബ്യൂറോയിലും തുടര്‍ന്നു നടന്ന കേന്ദ്രകമ്മറ്റി യോഗത്തിലും വി.എസ് അച്യുതാനന്ദനെതിരെ ശക്തമായ നീക്കങ്ങളാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്ന നിലപാടില്‍ അയവുവരുത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാകാതിരുന്നതോടെ സ്റ്റാഫംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.കെ.ഷൈലജ,പി.കെ.ശ്രീമതി എന്നിവര്‍ സി.സിയില്‍ സംസാരിച്ചു. തോമസ് ഐസക്,എം.സി.ജോസഫൈന് എന്നിവരും ഇതിനെ അനുകൂലിച്ചു. പി.കെ.ഗുരുദാസന് മാത്രമാണ് അല്‍പ്പമെങ്കിലും വി.എസിനനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ വി.എസിനെ മാറ്റണമെന്ന ആവശ്യത്തോട് പശ്ചിമബംഗാളില്‍നിന്നുള്ള പാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെ തീരുമാനം വീണ്ടും പി.ബിക്കു വിടുകയായിരുന്നു.
ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെ ഉച്ചയ്ക്കുശേഷം പി.ബി അംഗങ്ങള്‍ കേരളത്തില്‍നിന്നുള്ള സി.സി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി സമവായ സാധ്യത പരിശോധിച്ചെങ്കിലും നിലപാടു മയപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് സ്റ്റാഫംഗങ്ങളെ പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്കാന് പാര്‍ട്ടി നിര്‍ബന്ധിതമായത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിഎസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റിയാല്‍ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന പിബിയിലെ മുതിര്‍ന്ന നേതാക്കളുടെ ഭൂരിപക്ഷ അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് അംഗീകരിക്കേണ്ടി വന്നു.
പി.കരുണാകരന് റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ വി.എസിന്റെ ഭാഗം കേട്ടില്ലെന്ന ആക്ഷേപം പരിശോധിക്കാനും സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ശക്തമായ ഭാഷയില്‍ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് വി.എസ് നല്കിയ കത്ത് അവഗണിക്കാനാവില്ലെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പിണറായി വിഭാഗത്തിന് ക്ഷീണമായി. എങ്കിലും വി.എസിന്റെ വിശ്വസ്തരെ വെട്ടിമാറ്റാനായതിന്റെ ആശ്വാസത്തിലാണ് കേരള ഘടകം.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: