മൊഹാലി: ഐപിഎല്ലില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ കിങ്ങ്സ് ഇലവന് പഞ്ചാബിനെ 30 റണ്‍സിനു തകര്‍ത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.
52 റണ്‍സ് എടുക്കുന്നതിനിടെ പകുതിയോളം ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ട് വമ്പന്‍ തകര്‍ച്ച നേരിട്ട സണ്‍റൈസേഴ്സ് ശക്തമായ തിരിച്ചുവരവിലൂടെ ഏഴിന് 150 എന്ന സ്കോറിലെത്തി. ഹൈദരാബാദിന്റെ മൂര്‍ച്ചയേറിയ ബൗളിങ്ങിനു മുന്നില്‍ ചൂളിയ കിങ്ങ്സ് ഇലവനു നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 120 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പരാജയത്തോടെ കിങ്ങ്സ് ഇലവന് പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ പൊലിഞ്ഞു.
ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം തകര്‍ച്ച നേരിട്ടപ്പോഴും പതറാതെ പിടിച്ചുനിന്ന് 47 പന്തുകളില്‍ 61 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലാണ് സണ്‍ റൈസേഴ്സിന്റെ വിജയശില്‍പ്പി. ആദം ഗില്‍ക്രിസ്റ്റ് (26), ഷോണ്‍ മാര്‍ഷ് (18), അപകടകാരിയായ ഡേവിഡ് മില്ലര്‍ (6) എന്നീ മൂന്ന് പ്രധാനവിക്കറ്റുകള്‍ വീഴ്ത്തിയ ഡാരന്‍ സമ്മിയും കിങ്ങ്സ് ഇലവനെ കൂച്ചുവിലങ്ങിടുന്നതിന് ടീമിനെ സഹായിച്ചു. ഡെയ്ല്‍ സ്റ്റെയ്ന്, തിസാരാ പെരേര, ഇഷാന്ത് ശര്‍മ എന്നിവരും കണിശത പുലര്‍ത്തിയപ്പോള്‍ മത്സരം സണ്‍റൈസേഴ്സിന്റെ വരുതിയിലായി.
സണ്‍റൈസേഴ്സിന്റെ ജയം പോയിന്റ് പട്ടികയിലെ തൊട്ടുമുകളിലെ രണ്ട് ടീമുകള്കളെ സമ്മര്ദത്തിലാക്കിക്കഴിഞ്ഞു. എന്നിരുന്നാല്‍ ഹൈദരാബാദിന് ഇനിയുള്ള മൂന്നു മത്സരങ്ങള്‍ കടുത്തതാണ്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് സണ്‍റൈസേഴ്സിന്റെ എതിരാളികള്‍. ഈ മൂന്നില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാലേ ഹൈദരാബാദിന് നിലനില്‍പ്പുള്ളൂ. മാത്രമല്ല റോയല്‍ ചലഞ്ചേഴ്സിന്റെ ജയപരാജയങ്ങളും സണ്‍റൈസേഴ്സിന്റെ ഭാഗധേയം നിര്‍ണയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: