ആലപ്പുഴ: കോളറയും വയറിളക്കവും അടക്കമുള്ള ജലജന്യരോഗങ്ങള്‍ വ്യാപകമായിട്ടും കുട്ടനാട്ടില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് മലിനജലം. എട്ടുപേര്‍ക്കാണ് ഇതുവരെ കുട്ടനാട്ടില്‍ മാത്രം കോളറ സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുകണക്കിന് ആളുകളാണ് നിത്യവും വയറിളക്കം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നത്. ഈ സാഹചര്യത്തിലും ശുദ്ധജലം വിതരണം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
ശുദ്ധജലം മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീടുവീടാന്തരം കയറി പറയുന്നുണ്ടെങ്കിലും ശുദ്ധജലം നല്കാന് യാതൊരു നടപടിയുമില്ല. കുട്ടനാട്ടില്‍ തന്നെ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലാണ് ജലജന്യരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചതില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
ജല അതോറിറ്റി വിതരണം ചെയ്ത വെള്ളത്തിലും ടാങ്കറുകളില്‍ എത്തിച്ച വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ അളവ് 90 മുതല്‍ 180 വരെയായിരുന്നു. കോളിഫോം കൗണ്ട് പത്തില്‍ അധികമായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നാകെ കൂട്ടക്കുരുതിയിലേക്ക് സര്‍ക്കാര്‍ തന്നെ തള്ളിവിടുന്നത്.
ടാങ്കര്‍ ലോറികളിലടക്കം വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ പേരിന് പോലും ക്ലോറിന്‍ ഉപയോഗിക്കുന്നില്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു. 0.2 പിപിഎം അളവ് ക്ലോറിന്‍ കുടിവെള്ളത്തില്‍ വേണമെന്നാണ് മാനദണ്ഡം. എന്നാല്‍ ഇത്രയും അളവ് ക്ലോറിന്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതം, ക്ലോറിനാകട്ടെ വേണ്ടത്രയില്ല. ഈ സാഹചര്യത്തില്‍ ജലജന്യരോഗങ്ങള്‍ പടര്ന്നുപിടിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. അതിനിടെ വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്താന്‍ സഹായിക്കുന്ന ‘എച്ച് ടു എസ്’ സ്ട്രിപ്പിന്റെ അപര്യാപ്തതയും പ്രശ്നം സൃഷ്ടിക്കുന്നു. കോളിഫോം ബാക്ടീരിയയുടെ അളവ് മൂന്ന് മണിക്കൂര്‍ കൊണ്ട് ഈ ഉപകരണത്തിലൂടെ അറിയാന്‍ സാധിക്കും. കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെങ്കില്‍ ‘എച്ച് ടു എസ്’ സ്ട്രിപ്പില്‍ വെള്ളമൊഴിച്ചാല്‍ കറുത്തനിറമാകും. ഈ ഉപകരണം ലഭ്യമല്ലാത്തതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബിലാണ് ഇപ്പോള്‍ കുടിവെള്ളം പരിശോധിക്കുന്നത്. ഇവിടെ നിന്ന് പരിശോധന ലഭ്യമാകാന്‍ ദിവസങ്ങളെടുക്കും.
അതത് ദിവസം ഉപയോഗിക്കേണ്ട കുടിവെള്ളത്തിന്റെ പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നുവെന്നത് തന്നെ സര്‍ക്കാര്‍ അവഗണനയുടെ പ്രത്യക്ഷോദാഹരണമാണ്. 2000 രൂപയോളം മാത്രമാണ് ‘എച്ച് ടു എസ്’ ഉപകരണത്തിന്റെ വില. കുട്ടനാട്ടില്‍ വാര്‍ഡ് അടിസ്ഥാനത്തിലെങ്കിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് ഈ ഉപകരണം അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
കുട്ടനാട്ടിലെ തോടുകളിലും ആറുകളിലുമൊക്കെ തന്നെ വിഷാംശമുള്ള രാസമാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ കുട്ടനാടന്‍ ജനത വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: