ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്ഫോടന പരമ്പരകളില്‍ 17 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചരിത്രത്തിലാദ്യമായാണ് കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ ജനവിധി തേടുന്നത്.
ഭീകരര്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നതിനാല്‍ രാജ്യവ്യാപകമായ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനെ മറികടന്നാണ് പാക് താലിബാന് വ്യാപകമായ അക്രമങ്ങളും സ്ഫോടനപരമ്പരയും നടത്തിയത്. പാക്കിസ്ഥാന്റെ വ്യവസായിക തലസ്ഥാനമായ കറാച്ചിയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസിനുനേരെ നടന്ന ബോംബാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. നാല്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതിനെത്തുടര്‍ന്ന് രണ്ട് സ്ഫോടനങ്ങള്‍ കൂടി കറാച്ചിയില്‍ ഉണ്ടായി. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ വ്യാപകമായി വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ബലൂചിസ്ഥാനില്‍ ഉണ്ടായ ആക്രമണങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അക്രമികള്‍ ഒരു പോളിംഗ് സ്റ്റേഷനുനേരെ വിവേചനമില്ലാതെ വെടിയുതിര്‍ത്തതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലും പെഷവാറിലും എഎന്‍പി ഓഫീസുകള്‍ക്കുനേരെ ബോംബാക്രമണവും വെടിവെപ്പും ഉണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ഏപ്രിലിനുശേഷം 120 ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. അക്രമങ്ങള്‍ക്ക് പിന്നില്‍ അല്‍ഖ്വയ്ദയുടെ പതിപ്പായ പാക് താലിബാനായിരുന്നു പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ പിന്തുണയുള്ള പാക് സര്‍ക്കാരിനെതിരെ പോരാടുക എന്നതാണ് താലിബാന്റെ നയം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അനിസ്ലാമികമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മതനിരപേക്ഷത പുലര്‍ത്താനാഗ്രഹിക്കുന്ന പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി, എഎന്‍പി എന്നിവര്‍ ഭീകരരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മിക്ക സ്ഥാനാര്‍ത്ഥികളും വിമുഖത പ്രകടിപ്പിച്ചതിന് പിന്നിലും ഭീകരരുടെ ഭീഷണിയായിരുന്നു കാരണം.
342 അംഗ ദേശീയ അസംബ്ലിയില്‍ 171 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതില്‍ 70 സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി നല്കിയിരിക്കുന്നതാണ്. പാക്കിസ്ഥാനിലെ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് തൂക്കുപാര്‍ലമെന്റ് ഉണ്ടാകാനുള്ള സാധ്യതയാണ്. ഇവിടെ ഇമ്രാന്‍ഖാന്റെ പാര്‍ട്ടി നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 8.30 മുതല്‍ 5.30 വരെയായിരുന്നു പോളിംഗ്. പാക്കിസ്ഥാനില്‍ എഴുപതിനായിരത്തില്‍പ്പരം പോളിംഗ്സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുന്ന രീതിയിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ആദ്യഫലങ്ങള്‍ മണിക്കൂറുകള്‍ക്കുശേഷം അറിയാന്‍ കഴിയും.
അഴിമതിയുടെ കൂത്തരങ്ങായി പാക്കിസ്ഥാന് മാറിയതോടെ അധികാരസ്ഥാനത്തേക്ക് വീണ്ടും സൈന്യം എത്തുമോ എന്ന ആശങ്ക ജനതയിലുണ്ട്. പാക്കിസ്ഥാനിലെ പല സ്ഥലങ്ങളിലും പവര്‍കട്ട് 10 മണിക്കൂറിലധികമാണ്. ഇത് ടെക്സ്റ്റെയില്‍ വ്യവസായം പോലുള്ള പ്രധാന മേഖലകളെ തളര്‍ത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്കാണ്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് മറ്റാരുടെയെങ്കിലും സഹായം തേടേണ്ട അവസ്ഥയും വന്നേക്കാം. ഹെറാള്‍ഡ് മാഗസിന് നടത്തിയ അഭിപ്രായസര്‍വേയില്‍ പഞ്ചാബില്‍ നവാസ്ഷെരീഫിന്റെ പാര്‍ട്ടി മുന്നിലെത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലാണ് ഏറ്റവും അധികം സീറ്റുകള്‍ ഉള്ളത്. 250 ഓളം പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ 4600 ഒാളം സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 86 ദശലക്ഷം പേര്‍ക്കാണ് പാക്കിസ്ഥാനില്‍ വോട്ടവകാശമുള്ളത്.
പാക്കിസ്ഥാന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ തെരഞ്ഞെടുപ്പില്‍ ആവേശമുണ്ടാകും എന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ വിലയിരുത്തിയത്. അക്രമങ്ങളെ തള്ളിക്കളയുന്ന ജനം പോളിംഗ്ബൂത്തിലേക്ക് ഒഴുകുമെന്നാണ് ധാരണ. 70 മുതല്‍ 75 ശതമാനം വരെ വോട്ട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് പാക് ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഫക്രുദ്ദീന്‍ ജി. ഇബ്രാഹിം അഭിപ്രായപ്പെട്ടത്. നിരവധി പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ വിലയിരുത്തല്‍ നടത്തിയത്. എന്നാല്‍ വ്യാപകമായി അരങ്ങേറിയ അക്രമങ്ങള്‍ പോളിംഗിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
താലിബാന്റെ ശക്തികേന്ദ്രമായ വടക്കന്‍ വസീറിസ്ഥാനില്‍ സ്ത്രീകള്‍ വോട്ടുചെയ്യുന്നതിന് ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വാത് മേഖലയിലും സ്ത്രീകള്‍ക്കെതിരെ വിലക്ക് നിലനിന്നു. വടക്കന്‍ വസീറിസ്ഥാനിലെ മുസ്ലീം ആരാധനാ കേന്ദ്രങ്ങളില്‍നിന്നും ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് സ്ത്രീകള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചില കേന്ദ്രങ്ങളില്‍ രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ മൗനാനുവാദം നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: